‘മക്ക റൂട്ട് പദ്ധതി’ ഗുണഭോക്താക്കളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
text_fieldsമക്ക റൂട്ട് പദ്ധതി പ്രകാരം തീർഥാടകരുടെ യാത്രാനടപടികൾ പൂർത്തീകരിക്കുന്നു
റിയാദ്: വിദേശ തീർഥാടകർക്ക് മക്കയിലെത്തി ഹജ്ജ് നിർവഹിക്കുന്നതുവരെയുള്ള നിയമനടപടിക്രമങ്ങളെല്ലാം സ്വന്തം രാജ്യത്തുവെച്ച് പൂർത്തീകരിച്ച് വരാൻ വഴിയൊരുക്കുന്ന ‘മക്ക റൂട്ട്’ സംരംഭം ഇതുവരെ 10 ലക്ഷം ആളുകൾ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏഴുവർഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ ഈ മേയ് 18 വരെയുള്ള കണക്കാണിത്. തുടർച്ചയായി ഏഴാമത്തെ വർഷമാണ് ‘മക്ക റൂട്ട് പദ്ധതി’ വിജയകരമായി നടക്കുന്നത്.
‘വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിലെ ‘ഗസ്റ്റ്സ് ഓഫ് ഗോഡ് പ്രോഗ്രാം’ (ദൈവത്തിന്റെ അതിഥികൾ പരിപാടി) യുടെ ഭാഗമാണിത്. സൗദിയിലേക്ക് വരുന്ന തീർഥാടകർക്ക് ആതിഥേയത്വം വഹിക്കുന്നതിനും അവർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും തീർഥാടകരെ സേവിക്കാൻ കഴിയുന്നിലെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും മക്ക റൂട്ട് പദ്ധതി സഹായിച്ചതായി മന്ത്രാലയം പറഞ്ഞു. ഏഴ് രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളിലാണ് നിലവിൽ ഈ സംവിധാനം നടപ്പായിട്ടുള്ളത്.
വിവിധ ഭാഷകളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യോഗ്യരായ ഉദ്യോഗസ്ഥരിലൂടെ നടപ്പാക്കുന്ന പദ്ധതി മാനുഷികവും ആത്മീയവുമായ അനുഭവമാണ് തീർഥാടകർക്ക് പകർന്നുനൽകുന്നത്. മൊറോക്കോ, തുർക്കി, കോട്ട് ഡി ഐവയർ, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് നിലവിൽ മക്ക റൂട്ട് സംരംഭം നടപ്പാക്കിയത്. ഇത്രയും രാജ്യങ്ങളിലെ തീർഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കാൻ ഇതിലൂടെ കഴിയുന്നു. തീർഥാടകരുടെ ബയോമെട്രിക് (ജൈവിക അടയാളങ്ങൾ) വിവരങ്ങൾ രേഖപ്പെടുത്തി ഹജ്ജ് വിസ ഓൺലൈനായി ഇഷ്യു ചെയ്യുന്നത് മുതൽ ആരോഗ്യ മാനദണ്ഡങ്ങൾ ഉൾപ്പെടെ നടത്തി പുറപ്പെടുന്ന രാജ്യത്തെ വിമാനത്താവളത്തിൽവെച്ച് പാസ്പോർട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് വരെയാണ് മക്ക റൂട്ട് സംവിധാനത്തിലുൾപ്പെടുന്നത്.
സൗദിയിലെ ഗതാഗത, താമസ ക്രമീകരണങ്ങൾക്കനുസരിച്ച് ലഗേജുകൾ കോഡ് ചെയ്യുന്നതിനും തരംതിരിക്കുന്നതിനുമുള്ള സംരംഭവും ഇതിനോടപ്പമുണ്ട്. തീർഥാടകരുടെ ലഗേജുകൾ പിന്നീട് നേരിട്ട് ബസുകളിൽ കയറ്റി മക്കയിലെയും മദീനയിലെയും താമസകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും ഈ സംവിധാനത്തിന്റെ ഭാഗമാണ്. തിരികെയുള്ള യാത്രയിലും ഇതേ സൗകര്യങ്ങൾ തന്നെ ലഭിക്കും. വിദേശകാര്യം, ആരോഗ്യം, ഹജ്ജ്-ഉംറ, ഇൻഫർമേഷൻ എന്നീ മന്ത്രാലയങ്ങൾ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക), സകാത്ത്-ടാക്സ്-കസ്റ്റംസ് അതോറിറ്റി (സറ്റ്ക), സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സാദിയ), ജനറൽ അതോറിറ്റി ഫോർ എൻഡോവ്മെന്റ്, ഹജ്ജ്-ഉംറ സർവിസസ് പ്രോഗ്രാം, പാസ്പോർട്ട്സ് ഡയറക്ട്രേറ്ററ് എന്നിവയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ‘മക്ക റൂട്ട് പദ്ധതി’ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

