ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളിൽപ്പെട്ടവരുടെ ജയിൽമോചനത്തിന് എൻ.ആർ.കെ ഫോറം മുൻകൈയെടുക്കും
text_fieldsഎൻ.ആർ.കെ ഫോറം പ്രവർത്തനോദ്ഘാടനംmഐ.പി. ഉസ്മാൻ കോയ നിർവഹിക്കുന്നു
റിയാദ്: ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളിൽപെട്ട് പിഴയടക്കാൻ പണമില്ലാതെ ദീർഘകാലമായി സൗദി ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കാൻ എൻ.ആർ.കെ. ഫോറം മുൻകൈയടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുനഃസംഘടിപ്പിച്ച ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം ബത്ഹ ഡി പാലസ് ഹോട്ടലിൽ നടന്നു. ധനസമാഹാരത്തിനായി ബിരിയാണി ചലഞ്ച്, കേരളോത്സവം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും, ഇതിന്റെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അധ്യക്ഷത വഹിച്ച ചെയർമാൻ സി.പി. മുസ്തഫ പറഞ്ഞു.
ഫോറത്തിന്റെ പ്രഥമ ചെയർമാൻ ഐ.പി. ഉസ്മാൻ കോയ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. അയ്യൂബ് ഖാൻ വിഴിഞ്ഞം, കെ.പി.എം. സാദിഖ്, ഇബ്രാഹിം സുബ്ഹാൻ, ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, സത്താർ താമരത്ത്, സുരേഷ് കണ്ണപുരം, അബ്ദുല്ല വലഞ്ചിറ, ബാലു കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ എംബസിയിൽനിന്ന് വിരമിക്കുന്ന വെൽഫെയർ ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. അദ്ദേഹം മലയാളി സമൂഹത്തിന് നൽകിയ സേവനങ്ങളെക്കുറിച്ച് സിദ്ദിഖ് തുവ്വൂർ സംസാരിച്ചു. ഫോറത്തിന് വേണ്ടി സി.പി. മുസ്തഫ, സുരേന്ദ്രൻ കൂട്ടായി, യഹ്യ കൊടുങ്ങല്ലൂർ എന്നിവർ ചേർന്ന് യൂസഫ് കാക്കഞ്ചേരിക്ക് ഫലകം നൽകി ആദരിച്ചു. വിവിധ സംഘടനകൾക്ക് വേണ്ടി സുരേഷ് കണ്ണപുരം, സെബിൻ ഇഖ്ബാൽ (കേളി), ഗഫൂർ കൊയിലാണ്ടി (ഫ്രൻഡ്സ് ഓഫ് കേരള) എന്നിവർ ഫലകം സമ്മാനിച്ചു.
സനൂപ് പയ്യന്നൂർ (പി.എസ്.വി) പൊന്നാട അണിയിച്ചു. മുഖ്യധാരാസംഘടനകൾ ഒരുമിച്ചുനിന്നാൽ റിയാദിലെ മലയാളി സമൂഹത്തിനുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാനാവും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽമോചനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെന്ന് മറുപടി പ്രസംഗത്തിൽ യൂസഫ് കാക്കഞ്ചേരി പറഞ്ഞു. എൻ.ആർ.കെ ഫോറത്തിന്റെ പുതിയ ലോഗോ ചടങ്ങിൽ ഭാരവാഹികളും മുൻ ഭാരവാഹികളും ചേർന്ന് പ്രകാശനം ചെയ്തു.
ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതവും ആക്റ്റിങ് ട്രഷറർ യഹ്യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.