റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്ക് സമാപിച്ചു; 600-ാളം പേർക്ക് പ്രയോജനകരമായി
text_fieldsറിയാദ് കെ.എം.സി.സി സംഘടിപ്പിച്ച നോർക്ക ഹെൽപ് ഡെസ്ക്
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി പ്രവർത്തിച്ചു വന്നിരുന്ന നോർക്ക ഹെൽപ് ഡെസ്ക് വിജയകരമായി സമാപിച്ചു. പ്രവാസികൾക്ക് നോർക്ക അംഗത്വമെടുക്കുവാനും നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനും സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചിരുന്നത്.
പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളെ ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് രണ്ടാം ഘട്ടമെന്ന നിലയിലാണ് ഹെൽപ് ഡെസ്കിന് തുടക്കം കുറിച്ചത്. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ 30 പ്രവർത്തകർ നോർക്ക സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി ബത്ഹയിലെ കെ.എം.സി.സി ഓഫീസിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു.
അവധി ദിനങ്ങളിൽ പൂർണമായും അല്ലാത്ത ദിവസങ്ങളിൽ വൈകുന്നേരം മുതൽ രാത്രി 10 വരെയുമായിരുന്നു ഡെസ്കിെൻറ പ്രവർത്തനം. ഇതിനകം ആയിരത്തിലധികം പ്രവാസികൾ നോർക്ക അംഗത്വമെടുക്കുകയും അറുനൂറിലധികം ആളുകൾ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുകയും ചെയ്തു.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ഉടനെ പ്രഖ്യാപിച്ച നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ, മുൻപുണ്ടായിരുന്ന കെയർ ഇൻഷുറൻസിൽ നിന്ന് വ്യത്യസ്തമായി ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 80 വയസ് വരെയുള്ള മാതാപിതാക്കളെ ഇതിൽ ചേർക്കാം എന്നതും രോഗമുണ്ടെന്ന് ഡോക്ടർമാർ ഉറപ്പ് വരുത്തിയ ആളുകൾക്കും പദ്ധതിയിൽ ചേരാൻ സാധിക്കും എന്നതും ഏറെ സവിശേഷതയുള്ളതാണ്.
കൂടാതെ രണ്ട് കുട്ടികൾക്ക് പുറമെയുള്ള 25 വയസ്സിന് താഴെയുള്ള മക്കളെയും ഭാര്യയുടെയോ ഭർത്താവിെൻറയോ മാതാപിതാക്കളെയും ഇതിൽ ഉൾപ്പെടുത്താം. അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള വിവിധ സ്ലാബുകളിലായി പരിരക്ഷ ഉറപ്പ് നൽകുന്ന ഈ പദ്ധതി വഴി കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആശുപത്രികളിൽ ചികിത്സ സൗകര്യം ലഭ്യമാണ്.
കെയർ പ്ലസ് ഇൻഷുറൻസിൽ ചേരുവാനുള്ള സമയ പരിധി വെള്ളിയാഴ്ചയോടെ (സെപ്തംബർ 18) അവസാനിച്ചു. അവസാന ദിനത്തിൽ ഹെൽപ് ഡെസ്കിലെത്തിയവരിൽ ഭൂരിഭാഗവും ഇൻഷുറൻസിൽ ചേരാനാണ് എത്തിയത്. എങ്കിലും പരമാവധി എല്ലാവർക്കും അംഗത്വം എടുത്തു നൽകുവാൻ സാധിച്ചിതായും വാർത്തക്കുറിപ്പിൽ അറിയിച്ചു.
സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സർക്കാറിന് നേരത്തെ നിവേദനം സമർപ്പിച്ചിരുന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷമീർ പറമ്പത്ത്, സമിതി കൺവീനർ ഫൈസൽ പൂനൂർ, ശബാബ് മട്ടന്നൂർ, അസീസ് പനമരം, ഇജാസ് തൃശ്ശൂർ, ബഷീർ ഇരുമ്പുഴി, സുധീർ വയനാട്, ഹനീഫ മൂർക്കനാട്, നസീർ കണ്ണീരി, നിഷാദ് കരിപ്പൂർ, ജാഫർ പൂളക്കൽ, ബഷീർ ചുളളിക്കോട്, റഫീഖ് നൂറാംതോട്, ഡോ. ജലീൽ കുന്നംപുറം, ജംഷീദ് കരുവാരകുണ്ട്, ലത്തീഫ് കട്ടിപ്പാറ, മുഹമ്മദ് മയ്യിൽ, ജാഫർ മയ്യിൽ, നൗഫൽ ചാപ്പപ്പടി, ഫസൽ പടന്ന, മുജീബ് വണ്ടൂർ, ഫിറോസ് വളളിക്കുന്ന്, സലാം മേപ്പാടി എന്നിവർ ഹെൽപ് ഡെസ്കിന് നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ഷാഫി തുവ്വൂർ, ട്രഷറർ അഷ്‌റഫ് വെള്ളേപ്പാടം, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ഭാരവാഹികളായ ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ ഹെൽപ് ഡെസ്കിെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

