ഖത്തർ-സൗദി ചരക്കുനീക്കം തുടങ്ങി
text_fieldsഖത്തർ-സൗദി ചരക്കുഗതാഗതം നടക്കുന്ന ഹൈവേ
റിയാദ്: സൗദിയും ഖത്തറും തമ്മിൽ കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് തുടക്കമായി. സൗദിയിലെ സൽവ അതിർത്തി വഴി ലോറികൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചു. കോവിഡ് സാഹചര്യത്തിൽ പ്രോട്ടോകോൾ പാലിച്ചാണ് ചരക്കുനീക്കം. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധം ഊഷ്മളമാകുന്നത് വ്യവസായ മേഖലക്കും നേട്ടമാകും. ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് ചരക്കുനീക്കം തുടങ്ങിയത്. ഖത്തർ ഭാഗത്തെ അതിർത്തിയായ അബൂസംറ അതിർത്തി വരെ ചരക്കു വാഹനങ്ങൾ എത്തി.
ഇവിടെനിന്ന് ഖത്തറിലെ ലോറികൾ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ കൊണ്ടുപോകും. ചരക്കുനീക്കം നടത്തുന്നവർ ഇതിനുള്ള ക്രമീകരണങ്ങൾ ചെക്ക് പോയൻറിൽനിന്ന് മുൻകൂട്ടി തയാറാക്കിയിട്ടുണ്ട്. ചരക്കുകൾ അബൂസംറയിൽ ഇറക്കിയാൽ സൗദിയിലേക്കുള്ള ലോറികൾ തിരികെ പോകണമെന്നതാണ് ചട്ടം. ഖത്തറിൽനിന്ന് സൗദിയിലേക്കുള്ള ചരക്കു വാഹനങ്ങൾക്കും ഈ രീതിയിൽ പ്രവേശിക്കാം. നടപടിക്രമങ്ങൾ എളുപ്പമാക്കാനും ക്യൂ ഒഴിവാക്കാനും മുൻകൂട്ടി ലോറികളുടെ വിവരങ്ങൾ ചെക്ക്പോയൻറിൽ അറിയിക്കേണ്ടതാണ്. കസ്റ്റംസ് നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾ പിടിച്ചുവെക്കും. കോവിഡ് സാഹചര്യം കണക്കിലെടുക്ക് അതിർത്തി കടക്കാൻ ലോറി ഡ്രൈവർമാർക്ക് മൂന്നു ദിവസത്തിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

