സൗദിയിൽ ഇത്തവണ കടുത്ത വേനൽ താപനില രണ്ട് ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
text_fieldsയാംബു: സൗദി അറേബ്യയിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ താപനില കഴിഞ്ഞ വർഷത്തേക്കാൾ വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഈ മാസങ്ങളിൽ സാധാരണ അനുഭവപ്പെടാറുള്ള താപനിലയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യതയെന്ന് കേന്ദ്രത്തിന്റെ പുതിയ നിഗമനങ്ങൾ വ്യക്തമാക്കുന്നു.
മുൻ സീസണുകളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ താപനിലയിൽ ഒന്ന് മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ വർധനവുണ്ടാകും. അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ചൂട് ഇതിലും കുറഞ്ഞ അളവിലായിരിക്കും വർധിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
രാജ്യത്ത് നിലവിൽ വേനൽക്കാലത്തിന്റെ നേരത്തെയുള്ള തുടക്കത്തെ സൂചിപ്പിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാല വിശകലനങ്ങൾ പ്രകാരം ഇപ്പോഴത്തെ കാലാവസ്ഥ രീതികൾ സാധാരണ സീസണൽ ശരാശരിയുമായി പൊരുത്തപ്പെടുന്നുണ്ട്. ഏപ്രിൽ അവസാനം മുതൽ തുടർച്ചയായി രണ്ടാഴ്ചത്തേക്ക് താപനില ശരാശരിയേക്കാൾ താഴ്ന്ന നിലയിലായിരിക്കും. ഇതിനുശേഷമായിരിക്കും മിക്ക പ്രദേശങ്ങളിലും താപനില സാധാരണ നിലയിലേക്ക് മാറുന്നത്.
കേന്ദ്രത്തിന്റെ പതിവ് കാലാവസ്ഥാ പഠനങ്ങളുടെ ഭാഗമായാണ് ഈ പ്രവചനങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഈ വേനൽക്കാലത്തെ പ്രധാന മാറ്റങ്ങളും സവിശേഷതകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ റിപ്പോർട്ട് വരും ദിവസങ്ങളിൽ കേന്ദ്രം പ്രസിദ്ധീകരിക്കും. കാലാവസ്ഥ സംബന്ധമായ ഔദ്യോഗിക അപ്ഡേറ്റുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും പൊതുജനങ്ങളോട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

