ക്വിറ്റ് ഇന്ത്യയുടെ സന്ദേശം ഇന്നും പ്രസക്തം -ആദം മുൽസി
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണ പരിപാടി ആദം മുൽസി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: 'ചെയ്യുക അല്ലെങ്കിൽ മരിക്കുക' എന്ന ഗാന്ധിജിയുടെ സന്ദേശം ഉൾക്കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വെളിച്ചമേകിയ ക്വിറ്റ് ഇന്ത്യ സമരത്തിന് ഇന്ന് 83 വർഷങ്ങൾ കഴിഞ്ഞിട്ടും ആ വിളിയുടെ പ്രസക്തി രാജ്യത്ത് വീണ്ടും ചർച്ചയാകുന്നതായി കെ.പി.സി.സി അംഗവും കോൺഗ്രസ് നേതാവുമായ ആദം മുൽസി പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ അദ്ദേഹം ഒ.ഐ.സി.സി റിയാദ് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിനായി ബ്രിട്ടീഷുകാർക്കെതിരെ ഉയർന്നത് പോലെ ഇന്നത്തെ ഇന്ത്യയിൽ ജനങ്ങൾ അഴിമതിക്കെതിരെ, സാമൂഹിക അനീതിക്കെതിരെ, അധികാര ദുരുപയോഗത്തിനെതിരെ പോരാട്ടം തുടരുകയാണ്. വിദേശ ഭരണത്തിൽ നിന്ന് മോചിതരായെങ്കിലും സ്വാതന്ത്ര്യത്തിന്റെ യഥാർഥ അർഥം ലഭിച്ചോ എന്ന ചോദ്യമാണ് ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ ഉയരുന്നത്.
രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഇലക്ഷൻ കമീഷനെതിരെ തൊടുത്തു വിട്ട അണുബോംബ് ഇന്ന് രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ഇലക്ഷൻ കമീഷനെ സ്വാധീനിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നത് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം അദ്ദേഹം പുറത്ത് വിട്ടത്. ഇത് ഏറെ ഗൗരവമുള്ളതാണ്. ഇലക്ഷൻ കമീഷൻ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങള് സംഘ്പരിവാറിന്റെ അടിമകളായി മാറിയതും കണ്ടതാണന്നും അദ്ധേഹം പറഞ്ഞു. ബത്ഹ സബർമതിയിൽ നടന്ന പരിപാടിയിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എൽ.കെ അജിത്ത് മുഖ്യപ്രഭാഷണം നടത്തി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആത്മാവ് ഭരണകൂടത്തോട് ചോദ്യം ചെയ്യാനുള്ള ജനാധിപത്യ അവകാശം തന്നെയാണ്. ഇന്ന് അത് അധികാരത്തിന്റെ തട്ടിപ്പുകൾക്കും, മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ ഉയരേണ്ട സമയമാണന്നും ഭരണം ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, അല്ലാതെ ജനങ്ങളെ നിയന്ത്രിക്കാനല്ല, എന്നത് വൈകാതെ ബോധ്യമാകും എന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ഒ.ഐ.സി.സി ഭാരവാഹികളായ കുഞ്ഞി കുമ്പള, നവാസ് വെള്ളിമാട്കുന്ന്, റഷീദ് കൊളത്തറ, അയ്യൂബ് ഖാൻ, സജീർ പൂന്തുറ, നാദിർഷാ റഹ്മാൻ, അസ്കർ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി.
പ്രോഗ്രാം കൺവീനർ അമീർ പട്ടണത്ത് സ്വാഗതവും സെക്രട്ടറി ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു. നാസർ മാവൂർ, മൊയ്ദീൻ മണ്ണാർക്കാട്, സൈനുദ്ധീൻ വല്ലപ്പുഴ, അൻസാർ വാഴക്കാട്, ഉനൈസ് പത്തനംതിട്ട, സൈനുദ്ധീൻ വെട്ടത്തൂർ, മജു സിവിൽ സ്റ്റേഷൻ, അൻസർ പാലക്കാട്, റഫീഖ് പട്ടാമ്പി, സിദ്ധീഖ് കോഴിക്കോട്, സഫാദ് കോഴിക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

