മക്ക വികസനപദ്ധതി പുരോഗമിക്കുന്നു
text_fieldsഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ മക്കയിലെ ‘മസാർ ഡെസ്റ്റിനേഷൻ’ പദ്ധതി സന്ദർശിക്കുന്നു
ജിദ്ദ: മക്ക വികസനത്തിനും പുനർനിർമാണത്തിനുമായി ഉമ്മുൽ ഖുറ കമ്പനി വികസിപ്പിക്കുന്ന 'മസാർ ഡെസ്റ്റിനേഷൻ' പദ്ധതി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ സന്ദർശിച്ചു. 2030 ഓടെ ഉംറ തീർഥാടകരുടെ എണ്ണം 30 ദശലക്ഷമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വലിയ സംഭാവന നൽകുന്നതാണ് ഈ പദ്ധതി. ഹജ്ജ് ഉംറ തീർഥാടകരെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിത്. പദ്ധതി ആസ്ഥാനത്തെത്തിയ മന്ത്രിയെ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല കാമിൽ, സി.ഇ.ഒ യാസർ അബു അതീഖ്, കമ്പനിയിലെ നിരവധി മുതിർന്ന ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. സൗദി ഭരണകൂടം ലക്ഷ്യമിടുന്ന ദേശീയ നേട്ടങ്ങളുടെ പരമ്പരക്ക് ഒരു കൂട്ടിച്ചേർക്കലായിരിക്കും മക്ക മസാർ ഡെസ്റ്റിനേഷൻ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. നിരവധി മേഖലകളിൽ ഈ പദ്ധതി സഹായമാകും.
ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള താമസവും ആതിഥ്യവുമാണ് ഇതിൽ ഏറ്റവും പ്രധാനം. തീർഥാടകരെ സേവിക്കാൻ ഭരണകൂടം കാണിക്കുന്ന വലിയ താൽപര്യത്തിന്റെയും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ഏകോപനത്തിന്റെയും ചട്ടക്കൂടിലാണ് മസാർ ഡെസ്റ്റിനേഷൻ പദ്ധതി വരുന്നതെന്ന് കമ്പനി സി.ഇ.ഒ യാസർ അബു അതീഖ് വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ രംഗങ്ങളെ ഉയർത്തുന്ന ഭീമാകാരമായ വികസനപദ്ധതികൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നതുമാണെന്നും സി.ഇ.ഒ പറഞ്ഞു. ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്ത്, മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാരായ മുഹമ്മദ് അൽ ബിജാവി, ഡോ. അബ്ദുൽ അസീസ് വാസാൻ എന്നിവരും മന്ത്രിയെ അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

