ഒന്നിപ്പിക്കലിെൻറ മാന്ത്രിക ശക്തിയാണ് ഭാരത് ജോഡോ യാത്ര നൽകുന്ന സന്ദേശം – കെ.ടി.എ. മുനീർ
text_fieldsപഞ്ചാബിലെ ലുധിയാനയിൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കെ.ടി.എ. മുനീർ
ജിദ്ദ: സ്വാതന്ത്ര്യസമര സേനാനികൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുവന്നതുപോലെ ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ ഒന്നിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി നടത്തുന്നതെന്ന് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ പറഞ്ഞു. രാജ്യമൊട്ടാകെ 3,000 കി. മീറ്ററിലധികം പിന്നിട്ട് പഞ്ചാബിലെത്തിയ ഭാരത് ജോഡോ യാത്രയിൽ അൽപസമയം പങ്കാളിയായതിനുശേഷം നൽകിയ വാർത്തക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഘ് പരിവാർ വിഭജന നയത്തിനെതിരെയുള്ള ഒന്നിപ്പിക്കലിെൻറ മാന്ത്രിക ശക്തിയാണ് ഭാരത് ജോഡോ യാത്ര നൽകുന്നതെന്നും മുനീർ കൂട്ടിച്ചേർത്തു.
2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് യാത്രയാരംഭിച്ച ചടങ്ങിലും താൻ പങ്കെടുത്തിരുന്നു. വീണ്ടും പഞ്ചാബിൽ യാത്രയിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. വ്യവസായ നഗരമായ മാണ്ഡി, ഗോബിന്ദ്ഗഢിന് സമീപമുള്ള അമലോഹ് നിന്നും ആരംഭിച്ച് ലുധിയാനയിലൂടെ ജലന്ദർ വരെയുള്ള യാത്രക്കിടയിലാണ് രാഹുൽ ഗാന്ധിക്കൊപ്പം സംസാരിച്ച് അൽപനേരം നടക്കാൻ സാധിച്ചത്. സൗദിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ഭരണപരിഷ്‌കാരങ്ങളെക്കുറിച്ചും അവ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. കേവലമൊരു ടീ ഷർട്ട് മാത്രം ധരിച്ച് അസാമാന്യ മനക്കരുത്തോടെ കൃത്യമായ കാഴ്ചപ്പാടുമായി ദിവസവും 20 മുതൽ 25 കിലോമീറ്റർ വരെ നടക്കുന്ന അദ്ദേഹം രണ്ടു കോട്ട് ധരിച്ച എന്നോട് തണുപ്പ് കൂടുതലാണോ എന്നും ആരാഞ്ഞതായി മുനീർ പറഞ്ഞു.
മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസിലെ കൺവെൻഷനിൽ പങ്കെടുത്തതിനു ശേഷമാണ് മുനീർ പഞ്ചാബിലെത്തിയത്. യാത്രയിൽ ആവശ്യമായ സഹായങ്ങൾ നൽകിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പഞ്ചാബ് സംസ്ഥാന യാത്ര കോഓഡിനേറ്റർ കുൽജിത് സിങ് നഹ്‌റ, പഞ്ചാബ് പി.സി.സി ഭാരവാഹികളായ ഹാപ്പി ഘോര, ഹർപ്രീത് സിങ്, യാത്രയിലെ സ്ഥിരാംഗങ്ങളായ അലങ്കാർ സഹായി, ചാണ്ടി ഉമ്മൻ, അനിൽ ബോസ്, ഷീബ രാമചന്ദ്രൻ, ഷാജി ദാസ്, വിജേഷ് തുടങ്ങിയവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി മുനീർ പറഞ്ഞു. യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ജനങ്ങൾക്കിടയിലും യുവാക്കൾക്കിടയിലും വലിയ ആവേശമാണ് ദർശിക്കാൻ കഴിഞ്ഞതെന്നും മുനീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

