പത്മശ്രീ കെ.വി. റാബിയയുടെ ജീവിതം മാതൃകാപരം -ജിദ്ദ കെ.എം.സി.സി
text_fields2022-ൽ പത്മശ്രീ ലഭിച്ച റാബിയയെ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ
വീട്ടിലെത്തി ആദരിച്ചപ്പോൾ (ഫയൽ ചിത്രം)
ജിദ്ദ: കേരളത്തിന്റെ സാമൂഹികമായ പുരോഗതിക്കും വിദ്യാഭ്യാസ വിപ്ലവത്തിനും തന്റെ ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു കെ.വി. റാബിയ എന്നും അവരുടെ വിയോഗം വലിയ നഷ്ടമാണെന്നും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.2022-ൽ പത്മശ്രീ ലഭിച്ച റാബിയയെ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചിരുന്നു. തിരൂരങ്ങാടി സ്വദേശിനിയായ റാബിയ, സാമൂഹിക പ്രവർത്തക എന്നതിനൊപ്പം, നിരക്ഷരതക്കെതിരായ പോരാളിയുമായിരുന്നു. ഭിന്നശേഷിക്കും ദാരിദ്ര്യത്തിനും ഇടയിലും വിദ്യാഭ്യാസത്തിന്റെ വെളിച്ചം സമൂഹത്തിലേക്ക് എത്തിക്കാൻ അവർ നടത്തിയ ശ്രമം കേരളം മുഴുവൻ ശ്രദ്ധിച്ചു.
പോളിയോ ബാധിച്ച് 17-ാം വയസ്സിൽ വീൽച്ചെയറിൽ കഴിഞ്ഞ അവർ, തിരൂരങ്ങാടിയിൽ മുതിർന്നവർക്കുള്ള സാക്ഷരത കാമ്പയിൻ ആരംഭിച്ചു. ആ ശ്രമം വെറും എഴുത്ത് പഠിപ്പിക്കലിനെക്കാൾ വലിയൊരു സാമൂഹിക മുന്നേറ്റമായി മാറി. റാബിയയുടെ സാക്ഷരതാക്ലാസുകൾ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടി. സ്വയം ശാരീരിക വൈകല്യങ്ങൾ മനസ്സിലാക്കി സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി ‘ചലനം’ എന്ന സന്നദ്ധസംഘടന രൂപവത്കരിച്ച് ആറ് സ്കൂളുകൾ സ്ഥാപിച്ചു.ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും വനിത ശാക്തീകരണത്തിലും അവർ വലിയ പങ്കുവഹിച്ചു. ‘അക്ഷയ’ ഇ-സാക്ഷരത പദ്ധതിയിലൂടെ മലപ്പുറം ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരത ജില്ലയായി ഉയർത്തിയതിലും അവരുടെ പങ്ക് വലിയതാണെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

