നിയമക്കുരുക്കഴിഞ്ഞു; മലയാളി ഹാജിക്ക് നാടണയാം
text_fieldsrepresentational image
ദമ്മാം: ഹജ്ജിനെത്തി മടങ്ങാനൊരുങ്ങവേ വഴിമുടക്കിയ നിയമക്കുരുക്കിൽനിന്ന് രക്ഷപ്പെട്ട് മലയാളി. 15 വർഷം മുമ്പ് സൗദിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുരുങ്ങി മടക്കയാത്ര മുടങ്ങിയ മലപ്പുറം സ്വദേശിക്ക് ഇനി നാട്ടിലേക്കു മടങ്ങാം.
യാത്ര മുടങ്ങിയ വിവരം കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കാലങ്ങൾ പഴക്കമുള്ള കേസിന്റെ കുരുക്കുകൾ അഴിക്കാനായത്. 30 വർഷം ഇദ്ദേഹം സൗദിയിൽ പ്രവാസിയായിരുന്നു. ദമ്മാമിലെ ടൊയോട്ട പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തുവരുന്നതിനിടെ എട്ടു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് മടങ്ങി.
ശേഷം ഭാര്യയും ബന്ധുക്കളുമായി ഈ വർഷത്തെ ഹജ്ജിന് വന്നതായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനു കീഴിൽ നൂറോളം പേരുടെ സംഘത്തിലാണ് വന്നത്. തീർഥാടനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തി എമിഗ്രേഷൻ നടപടി പൂർത്തിയാക്കുമ്പോൾ പഴയ കേസ് പൊന്തിവരുകയായിരുന്നു.