നിയമപോരാട്ടവും രക്ഷയായില്ല: ദുരിതത്തിലായ സജ്ജാദ് ഇബ്രാഹിം കുഞ്ഞ് നാടണഞ്ഞു
text_fieldsസജ്ജാദ് ഇബ്രാഹിം കുഞ്ഞിനുള്ള ജിദ്ദ ഒ.ഐ.സി.സിയുടെ സൗജന്യ വിമാന ടിക്കറ്റ് കെ.ടി.എ. മുനീർ കൈമാറുന്നു
ജിദ്ദ: മൂന്നു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അനുകൂല വിധി സമ്പാദിച്ചെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ ദുരിതത്തിലായ തിരുവനന്തപുരം പോത്തൻകോട് സ്വദേശി സജ്ജാദ് ഇബ്രാഹിം കുഞ്ഞ് ജിദ്ദ ഒ.ഐ.സി.സി നൽകിയ വിമാന ടിക്കറ്റിൽ നാടണഞ്ഞു. 16 വർഷത്തെ പ്രവാസത്തിനു ശേഷമുള്ള ഈ മടക്കയാത്രക്ക് വേദനയുടെ കഥകൾ ഏറെയുണ്ട്. കഴിഞ്ഞ നാലര വർഷമായി ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് ശമ്പളം ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും നിഷേധിച്ചതിെൻറ പേരിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ സഹായത്തോടെ ഇദ്ദേഹം കോടതിയിൽ കേസ് ഫയൽ ചെയ്തു.
മൂന്നു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഏകദേശം 80,000 റിയാൽ ലഭ്യമാക്കാനുള്ള അനുകൂല വിധി ലഭിച്ചു. എന്നാൽ, സ്പോൺസറുടെ മരണവും കമ്പനി പൂട്ടിയതും കാരണം ഇദ്ദേഹത്തിന് ഈ തുക നേടിയെടുക്കാൻ കഴിഞ്ഞില്ല. ഇതിനിടെ, താമസരേഖ കാലാവധി അവസാനിച്ചതിനാൽ മറ്റു ജോലിക്ക് ശ്രമിക്കാനും കഴിഞ്ഞില്ല. ഇതിനിടയിലുണ്ടായ വീഴ്ചയിൽ കാലിെൻറ തുടയെല്ല് പൊട്ടി നടക്കാൻ പറ്റാത്ത സ്ഥിതിയിലുമായി. ആരോഗ്യ ഇൻഷുറൻസോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും ലഭിക്കാതെ പ്രയാസപ്പെട്ടിരുന്ന സജ്ജാദ് ചികിത്സക്കായി തെൻറ ആകെ സമ്പാദ്യമായ നാലു ലക്ഷത്തോളം രൂപ നാട്ടിൽനിന്ന് വരുത്തി ഓപറേഷൻ നടത്തി കാലിനുള്ളിൽ കമ്പിയിട്ടു. എങ്കിലും പഴയതുപോലെ നടക്കാൻ സാധിക്കാതെയും ഭാരമുള്ള വസ്തുക്കൾ എടുക്കാൻ കഴിയാത്ത അവസ്ഥയിലുമായി പ്രയാസപ്പെടുകയായിരുന്നു.
പോത്തൻകോട് പഞ്ചായത്ത് വാർഡ് അംഗം എ.എസ്. ശരണ്യ മുഖേന ഇദ്ദേഹത്തിെൻറ വിവരമറിഞ്ഞ ജിദ്ദ ഒ.ഐ.സി.സി വിഷയത്തിൽ ഇടപെട്ടു. ഒ.ഐ.സി.സി റീജനൽ കമ്മിറ്റിയുടെ യാത്രാസാഫല്യം പദ്ധതിയിലൂടെ സൗജന്യ വിമാന ടിക്കറ്റ് പ്രസിഡൻറ് കെ.ടി.എ. മുനീർ കൈമാറി. സജ്ജാദിെൻറ തുടർചികിത്സക്ക് അടൂർ പ്രകാശ് എം.പി മുഖാന്തരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സാധ്യമായ സഹായങ്ങൾ ഒരുക്കാനും ഒ.ഐ.സി.സി പ്രവർത്തകർ മുൻകൈയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

