ജനവിശ്വാസം നഷ്ടപ്പെട്ട് ഇടത് സർക്കാർ -റിയാദ് ഒ.ഐ.സി.സി മുൻ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ
text_fieldsറിയാദ്: ഇക്കിളിക്കഥകൾ കൊണ്ട് ഇനി തെരഞ്ഞെടുപ്പുകൾ ജയിക്കില്ല എന്നുള്ളത് ഇടതുപക്ഷവും സി.പി.എമ്മും ഇനിയെങ്കിലും മനസ്സിലാക്കണമെന്ന മുന്നറിയിപ്പാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളാണ് യു.ഡി.എഫ് ജനങ്ങളുടെ മുന്നിലേക്ക് വെച്ചത്. ആ വിഷയങ്ങളിലാണ് ജനങ്ങൾ വിധിയെഴുതിയത്. അതിന് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ 10 വർഷക്കാലമായി കേരളത്തിലെ ജനങ്ങൾ അത്രത്തോളം ഈ സർക്കാറിനെ വെറുത്തിരിക്കുന്നു. വിലക്കയറ്റം, ശബരിമല, പി.എം ശ്രീയിലൂടെയും വെള്ളാപ്പള്ളിയിലൂടെയും ആർ.എസ്.എസുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യ ബാന്ധവം, ന്യൂനപക്ഷങ്ങളെ തള്ളിപ്പറഞ്ഞ് നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും പ്രീതി പിടിച്ചുപറ്റാൻ നടത്തിയ ശ്രമങ്ങൾ തുടങ്ങിയവയെല്ലാം കേരളത്തിലെ ജനങ്ങൾ മനസിലാക്കി എന്നുളളതാണ് ഈ പരാജയത്തിന്റെ പ്രധാന കാരണമായിട്ടുള്ളത്.
ശബരിമല ശ്രീ ശാസ്താവിന്റെ സ്വർണം കട്ട പാർട്ടിയുടെ ഉന്നത നേതാക്കന്മാർ ഇപ്പോഴും അഴിക്കുള്ളിൽ കിടക്കുമ്പോൾ അവർക്കെതിരെ എന്തെങ്കിലും ഒന്ന് ഉരിയാടാൻ കേരളത്തിന്റെ മുഖ്യമന്ത്രി തയാറായില്ല എന്നുള്ളതും രാഹുൽ വിഷയത്തിലെ പാർട്ടിയുടെ ഇരട്ടത്താപ്പും ജനങ്ങൾ എതിരാവാൻ ഇടയാക്കി. ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കേരളത്തിലെ ഏതെങ്കിലും ഒരു സ്ത്രീ വിചാരിക്കണമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
ക്ഷേമപെൻഷൻ പ്രഖ്യാപനങ്ങളിലെ കാപട്യം ജനം തിരിച്ചറിഞ്ഞു. ഒന്നര വർഷം മുമ്പ് തന്നെ പി.എം ശ്രീ കേരളത്തിൽ നടപ്പാക്കുമെന്നുള്ളത് മുന്നണിയിൽ ഒരു ഘടക കക്ഷിയെ പോലും അറിയിക്കാതെ നരേന്ദ മോദി സർക്കാരിന് ഉറപ്പ് നൽകിയ പിണറായി വിജയന്റെ സർക്കാറിന് ജനങ്ങൾ കൊടുത്ത ഇരുട്ടടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അബ്ദുല്ല വല്ലാഞ്ചിറ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

