ലീഗ് മുസ്ലിം സമുദായത്തിന്റെ പൊതുവേദി -ജംഷീർ അലി ഹുദവി
text_fieldsകോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി സമ്മേളനത്തില്‍ ജംഷീർ അലി ഹുദവി പ്രഭാഷണം നടത്തുന്നു
റിയാദ്: മുസ്ലിം സമുദായത്തിലെ വ്യത്യസ്ത ആശയക്കാരുടെ പൊതുകൂട്ടായ്മയാണ് മുസ്ലിം ലീഗ് എന്നും ലീഗിനെ പഠിച്ച് നെഞ്ചോട് ചേര്‍ക്കണമെന്നും യുവ പണ്ഡിതനും പ്രഭാഷകനുമായ ജംഷീർ അലി ഹുദവി കിഴിശ്ശേരി പറഞ്ഞു. കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘സ്ട്രോങ് സിക്സ് മൊയ്സ്’ കാമ്പയിന് സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ സമുദായത്തിന്റെ പൊതുനേതാവാണെന്നും നേതൃത്വത്തെ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്തിന് പിറകെ പോവാതെ സത്യസന്ധമായി പ്രവര്‍ത്തിക്കണം. സ്ഥാനം കിട്ടാതെ വന്നാല്‍ പാര്‍ട്ടി വിടുന്നവര്‍ ആശയപരമായി ലീഗുകാര്‍ അല്ല. സി.എച്ച്. മുഹമ്മദ് കോയ രാഷ്ട്രീയത്തിലെ സൂഫി വര്യന് ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മീയതയും ആത്മാർഥതയും ലീഗ് പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളണം.
ലീഗ് നേതാവായിരുന്ന സീതി സാഹിബ് നിരവധി കോളജുകള്‍ സ്ഥാപിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. സി.എച്ചിന്റെയും സീതി സാഹിബിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടർച്ച വേണം. പുതിയ കാലത്ത് ബൈത്തുറഹ്മ പദ്ധതിക്ക് പകരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലെയുള്ളവ ആരംഭിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ പണം ചെലവഴിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ബത്ഹ ഡി-പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷതവഹിച്ചു. ഉസ്മാന് അലി പാലത്തിങ്ങല്‍, ശുഐബ് പനങ്ങാങ്ങര, ശരീഫ് അരീക്കോട്, മൊയ്തീന് കുട്ടി പൊന്മള, ബി.എസ്.കെ. തങ്ങൾ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. 25 വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയ കോട്ടക്കല്‍ മണ്ഡലക്കാരായ 12 പ്രവാസികളെ ചടങ്ങിൽ ആദരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു. ഫീസാല് അബ്ദുറഹ്മാന് ഖിറാഅത്ത് നടത്തി. ഷാഫി തുവ്വൂർ പരിപാടിയുടെ അവതാരകനായിരുന്നു.
മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ സി.കെ. പാറ, മൊയ്തീന് കുട്ടി പൂവാട്, ശുഐബ് മന്നാനി കാര്‍ത്തല, ഹാഷിം കുറ്റിപ്പുറം, ദിലൈപ് ചാപ്പനങ്ങാടി, റഷീദ് അത്തിപ്പറ്റ, ജംഷീദ് കൊടുമുടി, ഗഫൂര്‍ കോല്‍ക്കളം, ഫൈസല്‍ എടയൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, ഹമീദ് കോട്ടക്കല്‍, ഫാറൂഖ് പൊന്മള, നൗഷാദ് കണിയേരി, യൂനുസ് ചേങ്ങോട്ടൂർ, ഇസ്മാഈൽ പൊന്മള തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

