മിഡിലീസ്റ്റിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക്
text_fields‘അക്വാറിബിയ’ വാട്ടർ തീം പാർക്ക്
റിയാദ്: മിഡിലീസ്റ്റിലെ ഏറ്റവും വലുതും സൗദി അറേബ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തേതുമായ വാട്ടർ തീം പാർക്ക് ‘അക്വാറിബിയ’ ഖിദ്ദിയയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി തിരഞ്ഞെടുത്ത അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് മാർച്ച് 20 മുതലാണ് പരീക്ഷണഘട്ടം തുടങ്ങിയത്. ഈ കാലയളവിൽ പാർക്കിലെ എല്ലാ റൈഡുകളും സേവനങ്ങളും പൂർണ ശേഷിയിൽ ലഭ്യമായിരിക്കും. പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുൻപ് പാർക്കിെൻറ സന്നദ്ധത ഉറപ്പുവരുത്തുന്നതിനും അതിഥികൾക്ക് സമഗ്രമായ അനുഭവം നൽകുന്നതിനുമാണ് ഈ ഘട്ടം ലക്ഷ്യമിടുന്നത്. ഈദുൽ ഫിത്വർ അവധിക്കാലത്ത് സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സന്ദർശിക്കുന്നവർക്ക് അക്വാറിബിയയുടെ എക്സ്ക്ലൂസീവ് പ്രിവ്യൂവിൽ പങ്കെടുക്കാൻ സവിശേഷമായ അവസരമുണ്ട്. മാർച്ച് 20 മുതൽ 28 വരെയുള്ള കാലയളവിൽ സിക്സ് ഫ്ലാഗ്സ് സന്ദർശിക്കുന്നവർ, മുൻകൂർ രജിസ്ട്രേഷനോ അധിക ഫീസോ ഇല്ലാതെ തന്നെ അക്വാറിബിയ സന്ദർശിക്കുന്നതിനുള്ള നറുക്കെടുപ്പിൽ യാന്ത്രികമായി ഉൾപ്പെടും.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ലോകത്തിലെ തന്നെ മികച്ച വാട്ടർ പാർക്കുകളിലൊന്ന് ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് പര്യവേക്ഷണം ചെയ്യുന്ന ആദ്യ സന്ദർശകരാകാൻ സാധിക്കും. ഖിദ്ദിയയുടെ വികസനത്തിൽ വലിയൊരു നാഴികക്കല്ലാണ് അക്വാറിബിയയുടെ ഈ പരീക്ഷണഘട്ടം. 2025 ഡിസംബറിൽ ആദ്യ സന്ദർശകരെ സ്വാഗതം ചെയ്ത സിക്സ് ഫ്ലാഗ്സിെൻറ പൂരകമായാണ് അക്വാറിബിയ പ്രവർത്തിക്കുന്നത്. റെക്കോർഡ് തകർക്കുന്ന വാട്ടർ റൈഡുകൾ, അതിവേഗ സ്ലൈഡുകൾ, വിശാലമായ വേവ് പൂളുകൾ, കുടുംബങ്ങൾക്കായി പ്രത്യേകമായി ഒരുക്കിയ ഇടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിനോദങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ 24 ഭക്ഷണ പാനീയ ഔട്ട്ലെറ്റുകളും സന്ദർശകർക്കായി സജ്ജമാണ്.
പാർക്കിെൻറ ഔദ്യോഗിക ഉദ്ഘാടന തീയതിയും ടിക്കറ്റ് സംബന്ധിച്ച വിശദവിവരങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ടിക്കറ്റുകൾ ലഭ്യമാകുമ്പോൾ സന്ദർശകർക്ക് ഇഷ്ടാനുസൃതമായ വിവിധ പാക്കേജുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

