ഏറ്റവും വലിയ ഗ്രഹമായ 'വ്യാഴം' ഒക്ടോബർ രണ്ടാം പകുതിയിൽ സൗദിയിൽ ദൃശ്യമാകും
text_fieldsജിദ്ദ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ 'വ്യാഴം' ഒക്ടോബർ രണ്ടാം പകുതിയിൽ സൗദി അറേബ്യയിലും മറ്റ് അറബ് മേഖലയിലും ആകാശത്ത് ദൃശ്യമാകും.
അർദ്ധരാത്രിക്ക് ശേഷവും സൂര്യോദയത്തിന് തൊട്ടുമുമ്പും കിഴക്കൻ ആകാശത്ത് ഇതിനെ വ്യക്തമായി കാണാൻ കഴിയും. ചന്ദ്രനും ശുക്രനും കഴിഞ്ഞാൽ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ജ്യോതിർഗോളങ്ങളിൽ ഒന്നാണ് 'വ്യാഴ'മെന്ന് ജിദ്ദ അസ്‌ട്രോണമിക്കൽ സൊസൈറ്റി തലവൻ എഞ്ചിനീയർ മാജിദ് അബു സഹറ വ്യക്തമാക്കി.
മഞ്ഞകലർന്ന വെള്ള നിറത്തിൽ സ്ഥിരമായ തിളക്കത്തോടെ കാണപ്പെടുന്ന ഈ ഗ്രഹത്തെ തെളിഞ്ഞ ആകാശമുള്ള പ്രദേശങ്ങളിൽ നിന്ന് നഗ്നനേത്രങ്ങൾക്കൊണ്ട് നിരീക്ഷിക്കാൻ സാധിക്കും. ബൈനോക്കുലറുകളോ ചെറിയ ദൂരദർശിനികളോ ഉപയോഗിച്ച് നോക്കിയാൽ 'വ്യാഴ'ത്തിന്റെ ഏറ്റവും വലിയ നാല് ഉപഗ്രഹങ്ങളായ ഐഓ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവയെ ഗ്രഹത്തിന് സമീപം നേരിയ പ്രകാശബിന്ദുക്കളായി അണിനിരന്ന് കാണാം എന്നും അദ്ദേഹം വിശദീകരിച്ചു.
അർദ്ധരാത്രിക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ഗ്രഹം ക്രമേണ തെക്കുകിഴക്കൻ ചക്രവാളത്തിലേക്ക് ഉയരും. സൂര്യോദയത്തിന് തൊട്ടുമുമ്പാണ് ഇത് ആകാശത്ത് ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തുന്നത്. ഈ സമയമാണ് വ്യാഴത്തെ നിരീക്ഷിക്കാനോ അതിൻ്റെ ജ്യോതിശാസ്ത്രപരമായ ചിത്രങ്ങൾ എടുക്കാനോ ഏറ്റവും അനുയോജ്യം. ഈ കാലയളവിൽ വ്യാഴം നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥാനത്തായിരിക്കും.
2026 ജനുവരി 10-ന് ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ എത്തുകയും പതിവിലും കൂടുതൽ തിളക്കത്തോടെ കാണപ്പെടുകയും ചെയ്യുന്ന 'എതിർസ്ഥാനം' എന്ന പ്രതിഭാസം വരെ ഇതിന്റെ തിളക്കം ക്രമേണ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

