ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ സൗദിയിൽ
text_fieldsറിയാദ്: ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ ജോലിചെയ്യുന്നത് സൗദി അറേബ്യയിൽ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ കണക്കുകൾ പ്രകാരം 2020 ജനുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ 14 രാജ്യങ്ങളിലായി ഏകദേശം 16 ലക്ഷം ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾ ജോലിചെയ്യുന്നു.ഗൾഫ് രാജ്യങ്ങളിലാണ് ഇതിൽ കൂടുതൽ പേരും. നിർമാണം, വീട്ടുജോലി, പരിചരണം, മറ്റ് തൊഴിൽ മേഖലകൾ എന്നിവയിലായി ഇവർ തൊഴിൽ ചെയ്യുന്നു.
സൗദിയിൽ 695,269 ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികളാണുള്ളത്. തൊട്ടുപിന്നിൽ യു.എ.ഇ (341,365), കുവൈത്ത് (201,959), ഖത്തർ (153,501), ഒമാൻ (116,840) എന്നീ രാജ്യങ്ങളാണ്. മുടങ്ങിക്കിടന്ന പദ്ധതികൾ പലതും കോവിഡ് പകർച്ചവ്യാധിക്കു ശേഷം പുനരാരംഭിച്ചതോടെ തൊഴിൽ ആവശ്യം ഉയരുകയും റിക്രൂട്ട്മെൻറ് കുത്തനെ വർധിക്കുകയും ചെയ്തതായി തൊഴിലുടമകളും ഉദ്യോഗസ്ഥരും പറയുന്നു.
2023ൽ മാത്രം 398,000 തൊഴിലാളികളെ ഇന്ത്യ വിദേശത്തേക്ക് അയച്ചു. 2023ൽ സൗദി അറേബ്യ 200,713 തൊഴിലാളികളെയും 2024 ൽ 167,598 പേരെയും നിയമിച്ചു. ഗൾഫിൽ ഏറ്റവും കൂടുതൽ ബ്ലൂ കോളർ ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ കുവൈത്ത് മൂന്നാം സ്ഥാനത്ത്.
നാടുകടത്തലും വർധിച്ചു
റിയാദ്: ഗൾഫിലുടനീളം റിക്രൂട്ട്മെൻറ് വ്യാപനം വർധിച്ചതോടെ കുടിയേറ്റ തൊഴിലാളികളുടെ പരിശോധനയും അധികാരികൾ കർശനമാക്കി. വിസകാലം കഴിഞ്ഞും താമസിക്കൽ, വിസ ലംഘനങ്ങൾ, വർക്ക് പെർമിറ്റ് പ്രശ്നങ്ങൾ എന്നിവ തൊഴിലാളികളുടെ നാടുകടത്തലിനും കാരണമായി. 2025ൽ ആഗോളതലത്തിൽ 81 രാജ്യങ്ങളിലായി 24,600ലധികം ഇന്ത്യക്കാരെ നാടുകടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
ജി.സി.സി രാജ്യങ്ങളാണ് ഇതിലും മുന്നിൽ. സൗദി അറേബ്യയിൽ നിന്ന് മാത്രം 10,884 നാടുകടത്തലുകൾ നടന്നു. യു.എ.ഇ (1,469), ബഹ്റൈൻ (764), ഒമാൻ (16) എന്നിവയാണ് തൊട്ടുപിന്നിൽ. കുവൈത്തിെൻറയും ഖത്തറിെൻറയും കണക്കുകൾ വിദേശകാര്യ മന്ത്രാലയം പട്ടികപ്പെടുത്തിയിട്ടില്ല. 2021നും 2025നും ഇടയിൽ ജി.സി.സി രാജ്യങ്ങളിൽനിന്ന് 56,460 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. സൗദി അറേബ്യ (49,084), യു.എ.ഇ (3,979), ബഹ്റൈൻ (3,202), ഒമാൻ (195) എന്നിങ്ങനെയാണ് ഈ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

