ജി.സി.സി യോഗത്തിലേക്ക് ഖത്തറിനെ സൗദി രാജാവ് ക്ഷണിച്ചു
text_fieldsജിദ്ദ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സുപ്രീം കൗൺസിലിെൻറ 41ാമത് സെഷനിൽ പെങ്കടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ക്ഷണിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് സന്ദേശം അയച്ചു.
ജനുവരി അഞ്ചിന് റിയാദിലാണ് ജി.സി.സി സുപ്രീം കൗൺസിൽ യോഗം. ദോഹ കൊട്ടാരത്തിലെ അമീരി ദിവാനിൽ ഒരുക്കിയ സ്വീകരണത്തിനിടയിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് ഹജ്റഫാണ് ഖത്തർ അമീറിന് സൗദി രാജാവിെൻറ സന്ദേശം കൈമാറിയത്.
സന്ദേശം സ്വീകരിച്ച ശേഷം നടന്ന കൂടിക്കാഴ്ചയിൽ കൗൺസിലിെൻറ പ്രവർത്തനങ്ങളും അംഗ രാജ്യങ്ങളിലെ ജനങ്ങൾക്കുണ്ടായ പ്രത്യേകിച്ച് സാമൂഹിക, സാമ്പത്തിക, വാണിജ്യ മേഖലകളിലെ നേട്ടങ്ങളും ഇരുവരും അവലോകനം ചെയ്തു.
വലിയ നേട്ടങ്ങളും മികച്ച സഹകരണവും ക്രിയാത്മകവും ശോഭനവുമായ ഭാവിക്ക് ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളുമായി ജി.സി.സി കൗൺസിൽ അഞ്ചാം ദശകത്തിലേക്ക് കടക്കുകയാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.
കോവിഡിന് ശേഷം ഗൾഫ് യുവാക്കളുടെ ഭാവി, അഭിലാഷങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സാമ്പത്തിക വളർച്ച പുനഃസ്ഥാപിക്കാനും കോവിഡ് വെല്ലുവിളികളെ അതിജീവിക്കാനും സ്വതന്ത്ര വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനും സൗഹൃദ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ശ്രമിക്കുമെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

