റിയാദിലെ 'തറവാട്' നിർമിച്ച വീടിന്റെ താക്കോൽ കൈമാറി
text_fieldsറിയാദിലെ ‘തറവാട്’ ഹരിപ്പാട്ട് നിർമിച്ചുനൽകിയ വീടിന്റെ ഉദ്ഘാടനം കാവാലം ശ്രീകുമാർ നിർവഹിക്കുന്നു
ഹരിപ്പാട്: റിയാദിലെ കുടുംബ കൂട്ടായ്മയായ 'തറവാട്' ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഭവന പദ്ധതി പ്രകാരം നാട്ടിൽ വീടുവെച്ചു നൽകി. അംഗങ്ങളിൽനിന്നും ലഭിച്ച അപേക്ഷകളിൽനിന്നും ജോയ് നടേശൻ കൺവീനറായ കമ്മിറ്റി കണ്ടെത്തിയ ഹരിപ്പാട് സ്വദേശിക്കാണ് വീട് നൽകിയത്.
ഭർത്താവും മൂന്നു മക്കളും മരിച്ച് നിരാലംബയായും രണ്ടു കൊച്ചുമക്കളെ പോറ്റാനായി മറ്റുവീടുകളിൽ പണിയെടുത്തും കഴിയുന്ന ഹരിപ്പാട് സ്വദേശി വീട്ടമ്മയാണ് വീടിന് അർഹയായത്. 65 ദിവസം കൊണ്ട് പണി പൂർത്തിയാക്കിയ വീട് എല്ലാ സാധന സാമഗ്രികൾ സഹിതം വീടു കൈമാറി. പ്രമുഖ ഗായകൻ കാവാലം ശ്രീകുമാറിന്റെ സാന്നിധ്യത്തിൽ തറവാട് പ്രസിഡന്റ് ബിനു ശങ്കരൻ മാവേലിക്കര തക്കോൽ കൈമാറ്റം നടത്തി.
രക്ഷാധികാരി രമേശ് മാലി, സ്ഥാപകാംഗം പ്രമോദ് ചിറ്റാർ, സെക്രട്ടറി ത്യാഗരാജൻ കരുനാഗപ്പള്ളി, കൺവീനർ ജോയ് നടേശൻ, സോമശേഖർ, ഗോപൻ മാവേലിക്കര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

