കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി
text_fieldsകഅ്ബ കഴുകൽ ചടങ്ങിന് ശേഷം മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സുഉൗദ് ബിൻ മിശ്അൽ, ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ തുടങ്ങിയവർ പുറത്തേക്ക് വരുന്നു
മക്ക: പ്രവാചക പാത പിന്തുടർന്ന് മക്ക മസ്ജിദുൽ ഹറാമിലെ കഅ്ബ കഴുകി. സൽമാൻ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സുഉൗദ് ബിൻ മിശ്അലിെൻറ മേൽനോട്ടത്തിലാണ് മുഹർറം 15ന് രാവിലെ കഅ്ബ കഴുകൽ ചടങ്ങ് നടന്നത്. ഇരുഹറമുകൾ സംരക്ഷിക്കുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ഭാഗമായാണ് ചടങ്ങ്.
ഡെപ്യൂട്ടി ഗവർണർ അമീർ സുഉൗദ് ബിൻ മിശ്അൽ ഹജറുൽ അസ്വദ് ചുംബിക്കുന്നു
ബുധനാഴ്ച കഅ്ബയുടെ വാതിൽ വിരി ഉയർത്തിയതോടെ ചടങ്ങിന് തുടക്കമായി. ഇതിനായി എല്ലാ സാങ്കേതിക, സേവന, മനുഷ്യവിഭവശേഷിയും ഇരുഹറംകാര്യ പ്രസിഡൻസി സജ്ജമാക്കിയിരുന്നു. കഅ്ബയുടെ ഉള്ളിലേക്ക് കയറുന്നതിനുള്ള പ്രത്യേക കോണി അവിടെ എത്തിക്കാനും പ്രവർത്തിപ്പിക്കാനും സാങ്കേതിക, എൻജിനീയറിങ് ജീവനക്കാരെ നേരത്തേതന്നെ സജ്ജമാക്കി. വ്യാഴാഴ്ച രാവിലെ കഴുകൽ ചടങ്ങ് തുടങ്ങി. കഴുകുന്നതിന് മുമ്പ് തറയിലെ പൊടിയും ചളിയും തുടച്ചുമാറ്റി. പിന്നീട് സംസം വെള്ളം നിറച്ച ചെമ്പ് പാത്രങ്ങൾ എത്തിച്ചു. മുന്തിയതരം പനിനീർ, ഉൗദ് തൈലം എന്നിവ സംസമിൽ കലർത്തിയിരുന്നു.
ഉൗദും റോസ് വാട്ടറും കലർത്തിയ സംസമിൽ നനച്ച തുണിക്കഷ്ണങ്ങൾ ഉപയോഗിച്ച് കഅ്ബയുടെ അകത്തെ ചുമരുകളും മൂന്ന് തൂണുകളും തറകളും തുടച്ചുവൃത്തിയാക്കി. തുടർന്ന് കഅ്ബയുടെ അകംമുഴുവനും ഏറ്റവും പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് സുഗന്ധം പൂശി.
കഅ്ബ കഴുകൽ ചടങ്ങിന് ശേഷം മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സുഉൗദ് ബിൻ മിശ്അൽ, ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ തുടങ്ങിയവർ പുറത്തേക്ക് വരുന്നതിന്റെ വിദൂരദൃശ്യം
കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയാക്കിയ ശേഷം മക്ക ഡെപ്യൂട്ടി ഗവർണർ ഹജറുൽ അസ്വദ് ചുംബിച്ചു. കഅ്ബ പ്രദക്ഷിണത്തിന് ശേഷം ‘മഖാമു ഇബ്രാഹീ’മിന് പിന്നിൽ രണ്ട് റക്അത്ത് നമസ്കരിച്ചു.
ചടങ്ങിൽ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് , ഇരുഹറംകാര്യ പ്രസിഡൻസി എക്സിക്യൂട്ടിവ് മേധാവി എൻജി. ഗാസി അൽ ശഹ്റാനി എന്നിവരും നിരവധി ശൈഖുമാരും ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനും പങ്കെടുത്തു.
പ്രവാചകചര്യ പിന്തുടർന്ന് സൗദി സ്ഥാപകനായ അബ്ദുൽ അസീസ് അൽ സുഉൗദ് രാജാവിെൻറ കാലം മുതൽ സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും കാലം വരെ വിശുദ്ധ ഭവനം ശുദ്ധീകരിക്കുകയും ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ അതീവ ശ്രദ്ധയും പരിഗണയും നൽകുന്നത് സ്ഥിരം സമീപനമാണെന്ന് ഇരുഹറം കാര്യ പ്രസിഡൻസി വ്യക്തമാക്കി. ഉത്തമവും മഹത്തരവുമായ പ്രവാചക പാരമ്പര്യമാണ് ഈ ചടങ്ങെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
ഐക്യം, സഹിഷ്ണുത, മിതത്വം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ താൽപര്യം പ്രതിഫലിപ്പിക്കുന്നതാണ് ഇരുഹറമുകളോടുള്ള കരുതലെന്നും അൽ സുദൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

