വിസ്മയ വേദി 'ജിദ്ദ സൂപ്പർ ഡോം' സജ്ജം
text_fieldsലോകത്തിലെ ഏറ്റവും വലിയ താഴികക്കുടേവദിയായ ‘ജിദ്ദ സൂപ്പർ ഡോം’
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം കൊണ്ട് ശ്രദ്ധേയമായ കൺവെൻഷൻ സെൻറർ 'ജിദ്ദ സൂപ്പർ ഡോം' (ഖുബ്ബ) നിർമാണം പൂർത്തിയായി വിവിധ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ സജ്ജമായി. അടുത്ത ബുധനാഴ്ച മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്യുന്ന ജിദ്ദ മേഖലയിലെ നേട്ടങ്ങളെയും വികസന പദ്ധതികളെയും തുറന്നുകാട്ടുന്ന 'ഡിജിറ്റൽ എക്സിബിഷനാണ്' ഇവിടെ ആദ്യം അരങ്ങേറുന്ന പരിപാടി. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, അമീറുമാർ, മന്ത്രിമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കും. സർക്കാർ, സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഒരുക്കുന്ന ഡിജിറ്റൽ എക്സിബിഷൻ ഒരാഴ്ച നീണ്ടുനിൽക്കും.
വിവിധ മത്സരപരിപാടികളും പ്രദർശനത്തോടൊപ്പമുണ്ടാകും. ഗവർണറേറ്റിനു കീഴിലെ വിവിധ പരിപാടികളിലെ വിജയികളെ ആദരിക്കും. ആരോഗ്യ മുൻകരുതൽ പാലിച്ച് മേഖലയിലുള്ളവർക്ക് പ്രദർശനം കാണാൻ അവസരമുണ്ടാകും. മദീന റോഡിൽ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിക്ക് പടിഞ്ഞാറു വശത്താണ് തൂണുകളില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം നിർമിച്ചിരിക്കുന്നത്. 34,000 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള താഴികക്കുടത്തിന് 46 മീറ്റർ ഉയരവും 210 മീറ്റർ വ്യാസമുണ്ട്.
ലോകത്തെ ഏറ്റവും വലിയ താഴികക്കുടമായ ജപ്പാനിലെ ടോക്യോ ഡോമിനോയെക്കാൾ (206 മീറ്റർ വ്യാസം) വലുതാണ് ജിദ്ദ സൂപ്പർ ഡോം എന്ന പേരിട്ട താഴികക്കുടം. സമ്മേളനങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കാൻ കഴിയുന്ന വലിയ വേദിയാണ് ഇത്. 5200 കാറുകൾക്ക് പാർക്കിങ് സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

