മദീനയിലെ ‘ജബൽ അൽ ഖദ്ർ’ അഗ്നിപർവതം ലോകശ്രദ്ധയിൽ
text_fieldsമദീനയുടെ വടക്കുഭാഗത്തുള്ള ഖൈബർ ഹറയിലെ പഴയ അഗ്നിപർവതമായ ജബൽ അൽ ഖദ്ർ
റിയാദ്: ആയിരം വർഷം മുമ്പ് അഗ്നിപർവത സ്ഫോടനമുണ്ടായി തീ തുപ്പിയതിെൻറ ശേഷിപ്പുകളുമായി നിലകൊള്ളുന്ന മദീനയിലെ ‘ജബൽ അൽ ഖദ്ർ’ ലോകശ്രദ്ധയിൽ. ഇൻറർനാഷനൽ യൂനിയൻ ഓഫ് ജിയളോജിക്കൽ സയൻസസ് (ഐ.യു.ജി.എസ്) യുനെസ്കോയുടെ സഹകരണത്തോടെ തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച 100 ഭൂമിശാസ്ത്ര സ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.
ലാവ പൊട്ടിയൊഴുകി പിളർന്ന വായ പോലുള്ള ശിലാഗ്രം ഈ പർവതത്തിെൻറ പ്രത്യേകതയാണ്. മദീനയുടെ വടക്കുഭാഗത്തുള്ള ഖൈബർ ഹറയിലാണ് അൽ ഖദ്ർ പർവതം നിലകൊള്ളുന്നത്. അറേബ്യൻ ഉപദ്വീപിലെ അഗ്നിപർവത ഭൂമിശാസ്ത്രത്തിന് തെളിവായി ശേഷിക്കുന്ന ജബൽ അൽ ഖദ്റിെൻറ ശാസ്ത്രീയവും സൗന്ദര്യാത്മകവും സാംസ്കാരികവുമായ മൂല്യമാണ് ഈ തിരഞ്ഞെടുപ്പിനുള്ള കാരണം.
സൗദി ജിയളോജിക്കൽ സർവേ (എസ്.ജി.എസ്) പറയുന്നതനുസരിച്ച്, ജബൽ അൽ ഖദ്ർ ആധുനിക അഗ്നിപർവത പ്രവർത്തനങ്ങളും അപൂർവമായ ഭൗമരൂപവത്കരണ സവിശേഷതയും കാരണം അനന്യമായ ഭൂമിശാസ്ത്ര കേന്ദ്രമായി നിലകൊള്ളുന്നു. 400 മീറ്റർ ഉയരമുള്ള ഇതിെൻറ അഗ്നിപർവത മുഖം, രാജ്യത്തെ ചരിത്രപരമായി സജീവമായ ഏറ്റവും പുതിയ അഗ്നിപർവതങ്ങളിലൊന്നാണ്. ഏകദേശം ആയിരം വർഷം മുമ്പാണ് അഗ്നിപർവത സ്േഫാടനമുണ്ടായത്.
സങ്കീർണമായ അഗ്നിപർവത കുഴലുകളിലൂടെ ശക്തമായ ലാവ പ്രവാഹങ്ങളുണ്ടായതിെൻറ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. അഗ്നിപർവത പ്രവാഹങ്ങൾ, 5,000 വർഷം മുമ്പത്തെ വെങ്കലയുഗത്തിെൻറ ചരിത്രത്തിലേക്ക് വെളിച്ചം വീശുമെന്ന് കരുതപ്പെടുന്ന ‘മരുഭൂമിയിലെ പട്ടങ്ങൾ’ എന്നറിയപ്പെടുന്ന ഭീമാകാരമായ ശിലാനിർമിതികളെ മൂടിയിരിക്കുന്നു എന്നത് പ്രധാനമാണ്.
ഈ ഭൂമിശാസ്ത്രപരവും ദൃശ്യപരവുമായ സവിശേഷത കാരണം ജബൽ അൽ ഖദ്ർ ഗവേഷകർക്ക് ഒരു പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്. ലോകോത്തര മൂല്യമുള്ള പ്രകൃതി ആകർഷണങ്ങളിലൊന്നായി സൗദി അറേബ്യയിലെ ജിയോ ടൂറിസം (ഭൂമിശാസ്ത്രപരമായ വിനോദസഞ്ചാരം) പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച കേന്ദ്രവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

