സംഗീതാസ്വാദകരുടെ 'ഇശൽ'
text_fieldsഇശൽ ആഷിഫ്
റിയാദ്: റിയാദിലെ സംഗീത വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഇശൽ ആഷിഫ്. പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിനിയാണ് ഈ ഏഴാം വയസ്സുകാരി. തന്റെ പേരിനെ അന്വർഥമാക്കും വിധം ശബ്ദ മാധുര്യംകൊണ്ട് റിയാദിലെ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ‘ഇശലാണ്’ ഈ കൊച്ചുമിടുക്കി. സംഗീതത്തിൽ മാത്രമല്ല ചിത്രരചനയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഈ കലാകാരി.
വളരെ ചെറുപ്രായം തൊട്ടേ പാട്ടിനോടും നൃത്തത്തോടും പ്രിയം കാണിച്ചിരുന്ന ഇശലിന്റെ മാതാവാണ് ആലാപന കഴിവ് തിരിച്ചറിഞ്ഞത്. കൂടാതെ പിതാവിന്റെ പിന്തുണയും വളർന്നുവരുന്ന കൊച്ചുഗായികക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്.
കഴിഞ്ഞവർഷത്തെ സൗദി ദേശീയ ദിനത്തിൽ പുറത്തിറങ്ങിയ മ്യൂസിക് ആൽബത്തിൽ പാടി അഭിനയിക്കുകയും റിയാദിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ റണ്ണർ അപ്പ് ആവുകയും ചെയ്ത ഇശൽ ഗൾഫ് മാധ്യമം സിങ് ആൻഡ് വിന്നിലും ഫ്ലവേഴ്സ് ടോപ് സിംഗർ ഓഡിഷനിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ, റിയാദ് ടാക്കീസ്, വേൾഡ് മലയാളി ഫെഡറേഷൻ, കസവ് കലാവേദി, ഉണർവ്, അറേബ്യൻ ബീറ്റ് ബോക്സ് തുടങ്ങി റിയാദിലെ ചെറുതും വലുതുമായ കലാ-സാംസ്കാരിക, സാമൂഹിക ജീവകാരുണ്യ സംഘടനകളുടെ വേദികളിൽ ഗായികയായ തന്റെ ഉമ്മയോടൊപ്പവും റിയാദിലെ മുതിർന്ന ഗായകർക്കുമൊപ്പവും പാടി സംഗീതാസ്വാദകരുടെ കൈയടിക്ക് പാത്രമായിട്ടുണ്ട് ഈ കുഞ്ഞുഗായിക.
സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും എല്ലാത്തരം പാട്ടുകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഇശൽ മലയാളം, തമിഴ്, ഹിന്ദി പാട്ടുകളെല്ലാം തന്റെ മാതാപിതാക്കളിലൂടെ പഠിക്കുകയും വെസ്റ്റേൺ പാട്ടുകൾ സ്വന്തമായി കണ്ടെത്തി കേട്ടുപഠിക്കുകയും ചെയ്തുകൊണ്ടാണ് തന്റെ ശ്രുതിമധുരമായ ശബ്ദാലാപന മികവോടെ വേദികളിലവതരിപ്പിച്ച് കൈയടി നേടുന്നത്.
റിയാദിലെ അൽ ആലിയ ഇന്റർനാഷനൽ സ്കൂൾ രണ്ടാം തരത്തിൽ പഠിക്കുന്ന ഇശൽ ആഷിഫിന് പഠനത്തോടൊപ്പം സംഗീതവും കൂടി കൊണ്ടുപോകാനാണ് ആഗ്രഹം.
പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിയും റിയാദിലെ സഫാരി കമ്പനിയിലെ ഐ.ടി സൂപ്പർവൈസറുമായ ആഷിഫിന്റെയും അൽ ആലിയ ഇന്റർനാഷനൽ സ്കൂൾ അധ്യാപിക നിഷാനയുടെയും ഏക മകളാണ് ഇശൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

