കോവിഡ് പ്രോട്ടോകോൾ : പരിശോധന ഊർജിതമാക്കി യാംബു റോയൽ കമീഷൻ
text_fieldsയാംബു: കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് നിരീക്ഷിക്കാൻ യാംബു റോയൽ കമീഷൻ പൊലീസ് വിഭാഗം നടപടികൾ ഊർജിതമാക്കി. റോയൽ കമീഷനിലെ പ്രത്യേക പൊലീസ് വിഭാഗങ്ങളും മറ്റു സുരക്ഷ ഉദ്യോഗസ്ഥരും സംയുക്തമായാണ് നിരീക്ഷണവുമായി രംഗത്തുള്ളത്.
വ്യവസായ നഗരിയിലെ വാണിജ്യ സ്ഥാപനങ്ങൾ, വ്യാപാര സമുച്ചയങ്ങൾ, വാട്ടർ ഫ്രണ്ട് പാർക്ക്, ജനങ്ങൾ കൂടിയിരിക്കുന്ന പാർക്കുകളും ഇടങ്ങളുമെല്ലാം ശക്തമായ നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനം രാജ്യത്തെ ചില മേഖലകളിൽ കുറയാത്ത സാഹചര്യത്തിൽ രോഗവ്യാപനം ചെറുക്കാനും പ്രദേശവാസികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയുമാണ് നടപടികൾ അധികൃതർ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും ആരോഗ്യ സുരക്ഷ ചട്ടങ്ങളും കോവിഡ് പ്രോട്ടോകോളും പൂർണമായും പാലിക്കുന്ന കാര്യത്തിൽ ഏറെ ജാഗ്രത കാണിക്കാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങൾ അണുമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധനകൾ നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട നിർദേശങ്ങളും ബന്ധപ്പെട്ടവർ നൽകിയിട്ടുണ്ട്. സുരക്ഷ മുൻകരുതലിെൻറ ഭാഗമായി മാസ്ക് ധരിക്കാനും ആരോഗ്യവും ശുചിത്വവും കൃത്യമായി പാലിക്കാനും തൊഴിലാളികൾക്ക് പ്രത്യേകം നിർദേശമുണ്ട്.
നിയമലംഘനങ്ങൾ വരുത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പിഴയടക്കം ശിക്ഷാനടപടികൾ എടുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും അധികൃതർ കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം യാംബു നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പൊലീസ് പരിശോധനയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ഏഴു സ്ഥാപനങ്ങൾ അടപ്പിച്ചു.
53 സ്ഥാപനങ്ങളിൽ നടന്ന പരിശോധനക്കിടയിലാണ് ഏഴ് സ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയത്. ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ നിയമങ്ങൾ പാലിക്കുന്നതും പരിശോധനയിൽ നിരീക്ഷിക്കുന്നുണ്ട്.
ഏതെങ്കിലും സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ നടപടികളോ ആരോഗ്യ നിയമലംഘനമോ നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ 940 എന്ന നമ്പറിൽ വിളിച്ചറിയിക്കാനും യാംബു മുനിസിപ്പാലിറ്റി അധികൃതർ പ്രദേശവാസികളെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

