മക്ക ഹറമിൽനിന്ന് ചാടിയയാളെ രക്ഷിച്ച സംഭവം; ഉത്തരവാദിത്തബോധം കടമ ചെയ്യാൻ പ്രേരിപ്പിച്ചു -റയ്യാൻ അസീരി
text_fieldsസുരക്ഷാസേന അംഗം
റയാൻ അസീരി
മക്ക: എന്റെ ഉത്തരവാദിത്തബോധമാണ് കെട്ടിടത്തിൽനിന്ന് ചാടിയ തീർഥാടകനെ രക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചതെന്ന് ഹജ്ജ്, ഉംറ സെക്യൂരിറ്റിക്കായുള്ള പ്രത്യേക സേനയിലെ അംഗമായ റയാൻ അസീരി പറഞ്ഞു. മസ്ജിദുൽ ഹറാമിൽ ഡ്യൂട്ടിക്കിടയിൽ മുകളിലത്തെ നിലയിൽനിന്ന് ചാടിയ ആളെ രക്ഷിച്ച സംഭവത്തെ കുറിച്ച് ഒരു ടെലിവിഷൻ ചാനലിനോട് വിവരിക്കുകയായിരുന്നു അദ്ദേഹം.
തീർഥാടകരെ സേവിക്കുന്ന കാര്യത്തിൽ സുരക്ഷ ഉദ്യോഗസ്ഥർക്കുള്ള ഉത്തരവാദിത്ത ബോധമാണ് അതിന് എന്നെ പ്രേരിപ്പിച്ചത്. ജോലിയുടെ സ്വഭാവം അനുസരിച്ചുള്ള ഒരു കടമ നിർവഹണമായിരുന്നു അത്. ആ വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്താനായതിന് ദൈവത്തിന് നന്ദി പറയുന്നു. തീർഥാടകന് വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. ഈ പെരുമാറ്റം ഒരു സൗദി പൗരനും അസാധാരണമല്ലെന്നും മറിച്ച് അത് ഒരു ബഹുമതിയും ദേശീയ കടമയുമാണെന്നും അസീരി പറഞ്ഞു.ശരിയായ സമയത്തും സ്ഥലത്തും ഉണ്ടായിരുന്നത് ഒരു ജീവൻ രക്ഷിക്കാൻ സഹായിച്ചു. തീർഥാടകരുടെ സുരക്ഷ മുൻഗണനയാണ്. സാഹചര്യങ്ങൾ എന്തുതന്നെയായാലും തീർഥാടകരെ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചക്കും ഇടമില്ല. യാതൊരു മടിയും കൂടാതെ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണം. തീർഥാടകനെ രക്ഷപ്പെടുത്തുന്നതിനിടെ തനിക്ക് കാൽമുട്ടിന് പൊട്ടലും കാലിന് രണ്ട് ഒടിവുകളുമുണ്ടായി. പിന്നീട് രണ്ട് ശസ്ത്രക്രിയകൾ നടത്തി. രണ്ടും വിജയകരമായിരുന്നു. ഇപ്പോൾ താൻ ആരോഗ്യവാനാണ്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇത്തരം പ്രവർത്തനങ്ങൾ സാധാരണമാണ്. അവർക്ക് ലഭിക്കുന്ന പരിശീലനത്തിന്റെയും യോഗ്യതകളുടെയും ഫലമാണ്. അത് വിവിധ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു.
തന്നെ ബന്ധപ്പെടുകയും ആഗോഗ്യസ്ഥിതികൾ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതിന് സൗദി ആഭ്യന്തര മന്ത്രിക്ക് അസീരി നന്ദി അറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ തുടർനടപടികൾ, പരിചരണം, തുടർച്ചയായ പിന്തുണ എന്നിവ സംബന്ധിച്ച ഭരണകൂട സമീപനത്തിന്റെ തുടർച്ചയാണിതെന്ന് മനസിലാക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അസീരി കൂട്ടിച്ചേർത്തു.ഹറമിന്റെ മുകളിലത്തെ നിലയിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച ഒരു തീർഥാടകനെ സുരക്ഷ സൈനികനായ അസീരി രക്ഷിച്ച സംഭവമുണ്ടായത് നാല് ദിവസം മുമ്പാണ്. അസീരിയുടെ ഇടപെടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആഭ്യന്തര മന്ത്രിയും ഇരുഹറം മതകാര്യമേധാവിയും അഭിനന്ദനവുമായി മുന്നോട്ട് വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

