കേരള നവോത്ഥാന ചരിത്രം പ്രവാസികളുടേതു കൂടി -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
text_fieldsദമ്മാം നവോദയ സംഘടിപ്പിച്ച ‘നവോത്ഥാന മൂല്യങ്ങളും പ്രവാസവും’ എന്ന വിഷയത്തിൽ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് സംസാരിക്കുന്നു
ദമ്മാം: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വേണ്ടപോലെ രേഖപ്പെടുത്താതെ പോയ ഒന്നാണ് പ്രവാസികളുടെ പങ്കെന്ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു.ദമ്മാം നവോദയ ബദർ അൽ റബി ഹാളിൽ സംഘടിപ്പിച്ച 'നവോത്ഥാന മൂല്യങ്ങളും പ്രവാസവും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏത് യുദ്ധ സാഹചര്യത്തേക്കാളും അപകടകരമായ സാഹചര്യങ്ങളെ മുറിച്ചു കടന്നാണ് ആദ്യകാല പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക നവോത്ഥാന പ്രവർത്തനങ്ങളിൽ പങ്കുചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ പോരാട്ടത്തിൽ ജീവൻ പൊലിഞ്ഞവരും പരാജയപ്പെട്ടവരും ഇനിയും തിരിച്ചുവരാത്ത ഉരുവിൽ കയറി പോയവരും ഉണ്ട്.
അവരുടെ പേരുകൂടി എഴുതിച്ചേർക്കുമ്പോഴാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രം പൂർണമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം എഴുത്തുകാരനെ സദസ്സിന് പരിചയപ്പെടുത്തി. കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയർമാൻ മോഹനൻ വെള്ളിനേഴി അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ബഷീർ വരോട്, ജനറൽ സെക്രട്ടറി റഹീം മടത്തറ, ട്രഷറർ കൃഷ്ണകുമാർ ചവറ, വിവിധ സംഘടന-മാധ്യമ പ്രതിനിധികളായ മുഹമ്മദ് നജാത്തി, ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപുഴ, ബിജു കല്ലുമല, ഹമീദ് വടകര, സോഫിയ ഷാജഹാൻ, അമീർ അലി എന്നിവർ പങ്കെടുത്തു.
കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ഷമീം നാണത്ത് സ്വാഗതവും കേന്ദ്ര കുടുംബവേദി സാംസ്കാരിക കമ്മിറ്റി കൺവീനർ അനു രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ സദസ്സിന്റെ സംശയങ്ങൾക്ക് പൊയ്ത്തുംകടവ് മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

