ശസ്ത്രക്രിയയിലൂടെ വേർപ്പെട്ട ഇറാഖി സയാമീസുകളുടെ ആരോഗ്യ നില തൃപ്തികരം
text_fieldsഉമറിനെയും അലിയെയും ആശുപത്രിയിൽ സന്ദർശിക്കുന്ന സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅ്
ജിദ്ദ: ഈ മാസം 12ന് റിയാദിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയയിലൂടെ വേർപ്പെട്ട ഇറാഖി സയാമീസുകളുടെ ആരോഗ്യനില തൃപ്തികരം. ഉമറിനെയും അലിയേയും ആശുപത്രിയിൽ സന്ദർശിച്ച ശേഷം സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅ് ആണ് ഇക്കാര്യം അറിയിച്ചത്.
റിയാദിലെ നാഷനൽ ഗാർഡ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലാണ് 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടന്നത്. ആറ് ഘട്ടങ്ങളിയായി നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഇരുവരെയും വേർപ്പെടുത്തിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിട്ട് 12 ദിവസം കഴിഞ്ഞു. ശസ്ത്രക്രിയ സംഘത്തിൽ 27 പേരാണുണ്ടായിരുന്നത്.
ഇരട്ടകളുടെ ജീവൽപ്രധാനമായ ലക്ഷണങ്ങളെല്ലാം സാധാരണ നിലയിലായതായി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ട്യൂബ് വഴി മുലയൂട്ടാൻ തുടങ്ങി. അവർ മാതാപിതാക്കളുമായി സാധാരണ രീതിയിൽ ഇടപഴകുന്നുണ്ട്. മെഡിക്കൽ സംഘത്തിന് ഭയപ്പെടേണ്ട സൂചനകളൊന്നുമില്ല.
രണ്ട് ദിവസത്തിനകം ഇരട്ടകളെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് പീഡിയാട്രിക് വാർഡിലേക്ക് മാറ്റും. അപ്പോഴേക്കും അവരുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെടും. ചർമത്തിന് താഴെയുള്ള സ്രവങ്ങൾ നീക്കം ചെയ്യാൻ സ്ഥാപിച്ച ട്യൂബുകൾ ഉടനെ മാറ്റാനാവുമെന്നാണ് കരുതുന്നത്.
അലിയുടെ ശരീരത്തിൽനിന്ന് പിത്തരസം ഒഴുകാൻ സ്ഥാപിച്ച ട്യൂബുകളും അടുത്തയാഴ്ച മാറ്റാനാകും. നാല് മുതൽ ആറ് ആഴ്ച വരെ കുട്ടികൾ ആശുപത്രിയിൽ കഴിയേണ്ടിവരും. അതിനുശേഷം അവരുടെ വീട്ടിൽതന്നെ ചികിത്സ തുടരാൻ കഴിയുമോയെന്ന് മെഡിക്കൽ സംഘം തീരുമാനിക്കുമെന്നും ഡോ. അൽറബീഅ പറഞ്ഞു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇതുവരെ 54 സയാമീസുകളെയാണ് റിയാദിലെത്തിച്ച് വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. അതിൽ ഒടുവിലത്തേതാണ് ഇറാഖി കുട്ടികളായ ഉമറും അലിയും. ഇറാഖിൽനിന്ന് റിയാദിലെത്തിച്ച് വേർപെടുത്തുന്ന അഞ്ചാമത്തെ സയാമീസ് ജോടികളാണിവർ.