മലപ്പുറം കെ.എം.സി.സി 'പരിരക്ഷ 2022': ആരോഗ്യ ബോധവത്കരണ കാമ്പയിൻ ഇന്ന് തുടങ്ങും
text_fieldsറിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ആരോഗ്യ ബോധവത്കരണ കാമ്പയിൻ സംഘാടകർ വാർത്തസമ്മേളനം നടത്തുന്നു
റിയാദ്: അന്താരാഷ്ട്ര വൃക്കദിനം (മാർച്ച് 10) പ്രമാണിച്ച് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങും ന്യൂസഫാമക്ക പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന 'പരിരക്ഷ 2022' വൃക്ക ആരോഗ്യ ബോധവത്കരണ കാമ്പയിൻ ഈ മാസം 18 മുതൽ മാർച്ച് 10 വരെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടാം തവണയാണ് വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കുന്നത്.
പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന വൃക്കസംബന്ധമായ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും വൃക്കസംരക്ഷണത്തിനാവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾക്കുമായി ആസൂത്രണം ചെയ്ത കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് നടത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന കാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ, കോവിഡ്കാല പ്രവർത്തനങ്ങൾ മുൻനിർത്തി റിയാദിലെ ആരോഗ്യപ്രവർത്തകരെ ആദരിക്കും.
കൂടാതെ വൃക്കരോഗങ്ങളും ലക്ഷണങ്ങളും വിവിധ വൃക്കസംരക്ഷണ മാർഗങ്ങളും വിശദമാക്കുന്ന ലഘുലേഖ ചടങ്ങിൽ പ്രകാശനം ചെയ്യും. ഈ മാസം 25 മുതൽ ഒരാഴ്ച റിയാദിലെ മലയാളിസമൂഹത്തിൽ ലഘുലേഖ വിതരണം നടക്കും. മാർച്ച് നാലിന് 'ആരോഗ്യവിചാരം' സിമ്പോസിയവും ഇന്റർനാഷനൽ ബിസിനസ് ട്രെയിനർ എം.എ. റഷീദ് നയിക്കുന്ന മോട്ടിവേഷൻ ക്ലാസും നടക്കും. മാർച്ച് 10ന്, അന്താരാഷ്ട്ര വൃക്കദിനത്തിൽ ബത്ഹയിലെ ന്യൂസഫാമക്ക പോളിക്ലിനിക്കിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ഹെൽത്ത് ചെക്കപ്പും നടക്കും.
കഴിഞ്ഞ അഞ്ചുവർഷമായി ജില്ല കമ്മിറ്റിയുടെ ഉപസമിതിയായാണ് വെൽഫെയർ വിങ് പ്രവർത്തിക്കുന്നത്.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം വളന്റിയർമാർക്ക് പരിശീലനം നൽകി വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കിയാണ് വെൽഫെയർ വിങ് പ്രവർത്തിക്കുന്നത്. 'ഡ്യൂ ഡ്രോപ്സ്' എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിൽ മുഴുവൻ ഉപയോഗപ്പെടുത്താവുന്ന തരത്തിൽ രക്തദാന സേനയും മൊബൈൽ ആപ്ലിക്കേഷനും വിങ്ങിന് കീഴിലുണ്ട്. കോവിഡ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രവാസികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും വെൽഫെയർ വിങ്ങിന് കീഴിൽ നടന്നു.
കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടമാകുന്ന മലയാളികൾക്ക് ഉപകാരപ്പെടുംവിധം വിവിധ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ജോലി ആവശ്യമുള്ളവർക്ക് സഹായം ചെയ്യുന്നതിനായി 'ജോബ് സെൽ' പ്രവർത്തിച്ചുവരുന്നു.
വാർത്തസമ്മേളനത്തിൽ ജില്ല കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ആക്ടിങ് സെക്രട്ടറി ഷാഫി ചിറ്റത്തുപാറ, വെൽഫെയർ വിങ് കൺവീനർ ഷറഫ് പുളിക്കൽ, ട്രഷറർ റിയാസ് തിരൂർക്കാട്, സഫാമക്ക പോളിക്ലിനിക് പ്രതിനിധി വി.എം. അഷ്റഫ്, ഷാഫി തുവ്വൂർ, സി.വി. ഇസ്മാഈൽ, ഇഖ്ബാൽ തിരൂർ, സലീം സിയാംകണ്ടം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

