കിഴക്കൻ പ്രവിശ്യയുടെ ഹരിത വിസ്മയം; നഗരാസൂത്രണത്തിൽ ലോകത്തിന് മാതൃകയായി ജുബൈൽ
text_fieldsജുബൈൽ നഗരത്തിലെ ഹരിത ഇടങ്ങൾ
ജുബൈൽ: കാലാവസ്ഥാ വെല്ലുവിളികളും ഉയരുന്ന താപനിലയും ലോക നഗരങ്ങളെ ആശങ്കയിലാഴ്ത്തുമ്പോൾ, ഹരിതവത്കരണത്തിലും പരിസ്ഥിതി സുസ്ഥിരതയിലും പുതിയ മാതൃക തീർക്കുകയാണ് ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റി. ജീവിത നിലവാരം ഉയർത്തുന്ന സുസ്ഥിര പദ്ധതികൾ കെട്ടിപ്പടുക്കുന്നതിൽ മാതൃകയായി മാറിയ നഗരമാണിത്. വ്യവസായ നഗരമെന്ന ഖ്യാതിക്കപ്പുറം, പരിസ്ഥിതി സൗഹൃദവും ശാസ്ത്രീയവുമായ നഗരാസൂത്രണത്തിലൂടെ ലോകത്തിന് പുതിയൊരു ദിശാബോധം നൽകുകയാണ് ജുബൈൽ.
സൗദി ഗ്രീൻ ഇനിഷ്യേറ്റിവിെൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഹരിതവത്കരണം വിപുലീകരിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിലാണ്. ഈ പരിശ്രമങ്ങളുടെ അംഗീകാരമെന്നോണം പച്ചപ്പാർന്ന അറബ് നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടാനും നഗരത്തിന് സാധിച്ചു. സൗദി വിഷൻ 2030-ലും വലിയ പ്രാധാന്യമാണ് പരിസ്ഥിതി വികസനത്തിനും നൽകുന്നത്. നഗരഭംഗി ഉറപ്പാക്കാൻ തദ്ദേശീയവും ഇവിടുത്തെ കാലാവസ്ഥയോട് ഇണങ്ങിച്ചേരുന്നതുമായ നൂറിലധികം ഇനം വൃക്ഷങ്ങളാണ് റോയൽ കമീഷൻ നട്ടുവളർത്തിയിരിക്കുന്നത്.
വൃക്ഷങ്ങളും സൗകര്യങ്ങളും
കേവലം ദൃശ്യഭംഗി മാത്രമല്ല, അതിനപ്പുറം നഗരത്തിലെ മരങ്ങളെയും പച്ചപ്പിനെയും അടിസ്ഥാന സൗകര്യ വികസനത്തിെൻറ അളവുകോലായാണ് കണക്കാക്കപ്പെടുന്നത്. നഗരത്തിെൻറ നിർണായകമായ അഞ്ച് മാസ്റ്റർ പ്ലാൻ രേഖകളിൽ ഒരിടത്തുപോലും മരങ്ങളെ വെറുമൊരു അലങ്കാര വസ്തുവായി പരാമർശിച്ചിട്ടില്ല. പകരം, റോഡുകൾ, വൈദ്യുതി ലൈനുകൾ, ജലവിതരണ ശൃംഖലകൾ എന്നിവ പോലെ നഗരത്തിന് ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സൗകര്യമായിട്ടാണ് ഹരിത മേഖലകളെ വിഭാവനം ചെയ്തിരിക്കുന്നത്.
സാധാരണ രീതിയിലുള്ള ഹൈവേകൾക്ക് പകരം 'ലാൻഡ്സ്കേപ്പ് കോറിഡോർ' അഥവാ ഹരിത ബെൽറ്റുകളാണ് ജുബൈലിെൻറ മറ്റൊരു സവിശേഷത. ഈ പച്ചപ്പിന് നടുവിലൂടെയാണ് നഗരത്തിലെ അതിവേഗ പാതകൾ കടന്നുപോകുന്നത്. റോഡുകൾക്ക് സമീപമുള്ള പാർപ്പിട മേഖലകളിലെ താപനില ഗണ്യമായി കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം തടയാനും ഇത് നേരിട്ട് സഹായിക്കുന്നു. കടുത്ത ചൂടുള്ള മേഖലകൾ പരമാവധി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, കിഴക്ക്-പടിഞ്ഞാറ് ദിശയ്ക്ക് ലംബമല്ലാത്ത രീതിയിലാണ് നഗരത്തിലെ ഗതാഗത പാതകൾ രൂപകൽപന ചെയ്തിരിക്കുന്നത്. നഗര നിർമാണത്തിെൻറ പ്രാരംഭ ഘട്ടത്തിൽ തന്നെ വിശദമായ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഈ ശാസ്ത്രീയ രൂപകൽപന നടപ്പാക്കിയത്.
കാൽനടയാത്രക്കാർ മുഖ്യം
നഗരത്തിൽ കാൽനടയായി യാത്ര ചെയ്യുന്ന ഒരാൾക്ക് അനുഭവപ്പെടുന്ന ചൂട് പരമാവധി കുറയ്ക്കുക എന്നതും ആസൂത്രണത്തിെൻറ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. വീടിന് അടുത്ത് വിവിധ ആവശ്യങ്ങൾക്കായി പോകുന്ന ഒരാൾക്ക്, പോകുമ്പോഴും തിരികെ വരുമ്പോഴും വഴിയിൽ ഉടനീളം മരങ്ങൾ തണൽ വിരിച്ച പാതയിലൂടെ മാത്രമേ നടക്കേണ്ടി വരികയുള്ളൂ. പുറത്ത് തുറസ്സായ സ്ഥലങ്ങളിൽ ചൂട് 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോൾ പോലും, പച്ചപ്പ് നിറഞ്ഞ മേഖലകളിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നു. ഇത് അന്തരീക്ഷത്തിന് കുളിർമയേകുകയും കൊടും ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരുകയും ചെയ്യുന്നു. മനുഷ്യെൻറ ആരോഗ്യത്തിലും പരിസ്ഥിതി സംരക്ഷണത്തിലുമുള്ള രാജ്യത്തിെൻറ ദീർഘ വീക്ഷണമാണ് ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയുടെ ഈ മേഖലയിലുള്ള വളർച്ചക്ക് പിന്നിലുളള കരുത്ത്.
വിനോദസഞ്ചാര കേന്ദ്രം
ഹരിത വികസനത്തിനൊപ്പം വിനോദസഞ്ചാര മേഖലയിലും ജുബൈൽ ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
റോയൽ കമീഷൻ മേഖലയിലെ മനോഹരമായ തീരപ്രദേശങ്ങളും പാർക്കുകളും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. പ്രകൃതിദത്തമായ സൗന്ദര്യവും അത്യാധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന ഇവിടെ കുടുംബങ്ങളുമായി സമയം ചെലവഴിക്കാൻ നിരവധി പേരാണ് എത്തുന്നത്. കൂടാതെ, ദരീൻ 'വണ്ടർ ഹിൽസ്' വിന്റർ ഫെസ്റ്റിവൽ പോലുള്ള ആഘോഷങ്ങൾ നഗരത്തിെൻറ സാംസ്കാരിക മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ വികസനവും വിനോദവും കൈകോർക്കുന്ന ജുബൈൽ ജീവിതനിലവാരത്തിെൻറ കാര്യത്തിൽ ഒരു സമ്പൂർണ മാതൃകയായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

