കളങ്കിതനെ കലക്ടറാക്കിയ നടപടിയിൽനിന്ന് സർക്കാർ പിന്തിരിയണം -ജിദ്ദ ഐ.സി.എഫ് പ്രതിഷേധക്കൂട്ടം
text_fieldsശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയതിൽ ജിദ്ദ ഐ.സി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടം ഹസൻ ചെറൂപ്പ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ശ്രീറാം വെങ്കിട്ടരാമനെ മജിസ്ട്രേറ്റിന്റെ പദവിയുള്ള ആലപ്പുഴ ജില്ല കലക്ടറായി നിയമിച്ചത് സർക്കാർ വേട്ടക്കാരനെ പാലൂട്ടുന്ന നടപടിയാണെന്നും ഈ നിയമനം റദ്ദ് ചെയ്ത് നീതിയുടെ പക്ഷത്തു ചേർന്ന് നിൽക്കാനുള്ള ഇച്ഛാശക്തി സർക്കാറിനുണ്ടാവണമെന്നും ജിദ്ദ സെന്റർ ഐ.സി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടം ആവശ്യപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്കും ജിദ്ദ ഭരണകേന്ദ്രങ്ങളിലേക്കും നടത്തിയ പ്രതിഷേധ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു ജിദ്ദയിലെ വിവിധ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ, മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ച് പ്രതിഷേധക്കൂട്ടം സംഘടിപ്പിച്ചത്.
ഗവൺമെന്റിന്റെ ഇച്ഛാശക്തിയുടെ ശൂന്യതയാണ് ഈ നിയമനം ബോധ്യപ്പെടുത്തുന്നതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കേസിന്റെ നാൾവഴികളിൽ ഉദ്യോഗസ്ഥ ലോബികൾ പ്രതിക്ക് തെളിവുകളെ നശിപ്പിക്കാൻ ഒത്താശ ചെയ്തുകൊടുക്കുന്നത് കേരളം നിസ്സഹായരായി നോക്കിനിന്നത് നാം കണ്ടതാണെന്നും ഒരിക്കൽപോലും നിയമത്തിനു മുന്നിൽ വരാതെ ഒളിച്ചുകളി നടത്തിയ കൊലപാതക കേസിലെ ഒന്നാം പ്രതിയെ തന്നെ ഒരു ജില്ലയുടെ കലക്ടറായി നിയമിച്ചത് സാംസ്കാരിക കേരളത്തെ പരിഹസിക്കലാണെന്നും പ്രതിഷേധക്കൂട്ടം ഉദ്ഘാടനം ചെയ്ത മാധ്യമപ്രവർത്തകൻ ഹസൻ ചെറൂപ്പ വ്യക്തമാക്കി.
ജിദ്ദയിലെ എല്ലാ മാധ്യമപ്രവർത്തകരുടെയും പിന്തുണ ഈ പ്രതിഷേധ സമരങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം ജില്ല എസ്.വൈ.എസ് പ്രസിഡന്റ് ഇസ്മാഈൽ സഖാഫി വിഷയാവതരണം നടത്തി. കളങ്കിതനെ കലക്ടറാക്കിയ നടപടി പരിഷ്കൃത സമൂഹത്തിന് അനീതിയുടെ സന്ദേശമാണ് നൽകുന്നതെന്നും വേട്ടക്കാരനെ സുഖിപ്പിച്ച് ഇരയെ സുഹൃത്താണെന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പുച്ഛത്തോടെ മാത്രമേ കാണാനാവൂയെന്നും ജനപക്ഷമെന്ന് വിശേഷിക്കപ്പെടുന്ന സർക്കാർ-ഉദ്യോഗസ്ഥ മാഫിയക്കു മുന്നിൽ കീഴ്പ്പെടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ഗഫൂർ കൊണ്ടോട്ടി (മീഡിയവൺ), മജീദ് പുകയൂർ (കെ.എം.സി.സി), റഫീഖ് പത്തനാപുരം (നവോദയ), പി.കെ. ബഷീർ അലി (ഒ.ഐ.സി.സി), പി.പി.എ. റഹീം (ന്യൂഏജ്), നാസർ വെളിയങ്കോട് (സാമൂഹിക പ്രവർത്തകൻ), ബാദുഷ സഖാഫി (ആലപ്പുഴ ജില്ല ജംഇയ്യതുൽ ഉലമ) എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ മളാഹിരി, മുഹമ്മദലി വേങ്ങര, ഷാഫി മുസ്ലിയാർ, ഹസൻ സഖാഫി, മൊയ്തീൻകുട്ടി സഖാഫി, മുഹ്സിൻ സഖാഫി തുടങ്ങിയവർ പങ്കെടുത്തു. സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും യാസിർ അറഫാത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

