വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കി സർക്കാർ
text_fieldsഅബ്ദുല്ല വല്ലാഞ്ചിറ
റിയാദ് ഒ.ഐ.സി.സി മുൻ പ്രസിഡൻറ്
ഗൗരവമുള്ള വിഷയങ്ങൾ പോലും എത്ര ലാഘവത്തോടെയാണ് ഇടതുസർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് തെളിയിക്കുന്നതാണ് സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ വിവാദം. വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കാൻ സർക്കാർ മനഃപൂർവം ശ്രമിച്ചുവെന്നത് വ്യക്തമാണ്. ദീർഘവീക്ഷണമില്ലാത്ത മന്ത്രിയും പരിവാരങ്ങളുമാണ് ഉന്നത വിദ്യാഭ്യാസമേഖല കൈകാര്യം ചെയുന്നതെന്ന് ബോധ്യപ്പെടുത്തുന്നതാണ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ വിവാദങ്ങൾ സൂചിപ്പിക്കുന്നത്.
റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ വർഷവും ഈ പ്രശ്നം ഉണ്ടായിരുന്നു. ഈ പ്രാവശ്യത്തെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് സർക്കാർ സ്വീകരിച്ച മാർഗങ്ങളാണ് ഏറ്റവും പരിഹാസ്യവും ഗൗരവതരവും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തി ധിറുതിപിടിച്ചു പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് കേരള സിലബസിൽ പഠിച്ച കുട്ടികൾക്ക് എത്രത്തോളം പ്രതീക്ഷ നൽകിയെന്നുളളത് എല്ലാവർക്കും അറിവുള്ളതാണ്. കുട്ടികളെ സർക്കാർ പറ്റിക്കുകയായിരുന്നു എന്നതാണ് വാസ്തവം.
ഈ റാങ്ക് ലിസ്റ്റ് കോടതിൽ ചോദ്യം ചെയ്യുമെന്നും അത് ഏകപക്ഷീയമായി തള്ളുമെന്നും മറ്റാരെക്കാളും അറിയാവുന്നത് വകുപ്പിനും മന്ത്രിക്കുമാണ്.
മാത്രമല്ല, ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച സാഹചര്യത്തിൽ സർക്കാർ പച്ചനുണ പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നതും വ്യക്തമായി. എന്തടിസ്ഥാനത്തിലാണ് ഈ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്ന കോടതിയുടെ ന്യായമായ ചോദ്യത്തിന് സർക്കാർ പറഞ്ഞ ഉത്തരം, മാർക്ക് ഏകീകരണ പുനഃപരിശോധന സമിതിയുടെ ശിപാർശ പ്രകാരം എന്നാണ്. അതേസമയം, ഇത്തവണ പുതിയ ഫോർമുല നടപ്പാക്കുന്നത് അപ്രായോഗികം എന്നാണ് സമിതി റിപ്പോർട്ടിലൂടെ സർക്കാരിനോട് പറഞ്ഞത്. കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ സർക്കാർ നാണമില്ലാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നത് വ്യക്തമായി. ആർക്കുവേണ്ടിയാണ് ഈ സർക്കാർ ഇത് ചെയ്യുന്നത്?
നിലവിലുള്ള റാങ്ക് നിർണയത്തിനുള്ള സ്ഥിതി നിലനിർത്തണമെന്നും പുതിയ ഫോർമുല നടപ്പാക്കുന്നത് പെട്ടെന്ന് പ്രായോഗികമല്ലെന്നും അതിന് കുറച്ചുകൂടി ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും സമിതി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതുപോലെ, എൻട്രൻസ് സ്കോറും പ്ലസ് ടു മാർക്കും കൂട്ടുന്നതിന് നിലവിൽ സ്വീകരിക്കുന്ന 50:50 എന്നതിന് പകരം 60:50 എന്ന് പരിഷ്കരിച്ചാൽ പരമാവധി പ്രശ്നങ്ങൾ ലഘൂകരിക്കാം എന്നുമായിരുന്നു സമിതി നിർദേശം. എന്നാൽ, സർക്കാർ അത് മുഖവിലക്കെടുത്തില്ല എന്നു മാത്രമല്ല എവിടുന്നോ തട്ടിക്കൂട്ടി കൊണ്ടുവന്ന ഫോർമുല ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് വിദ്യാർഥികളെ ദുരിതത്തിലേക്ക് തള്ളിവിട്ടു.
എല്ലാ തലങ്ങളിലും പരാജയപ്പെട്ട ഒരു സർക്കാർ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് യാഥാർഥ്യമാണ്. ഈ ബുദ്ധിമുട്ടനുഭവിച്ച വിദ്യാർഥികൾ തീർച്ചയായും അവരുടെ മനസ്സിൽ ചില തീരുമാനം എടുത്തിട്ടുണ്ടാവും. അത് ഈ ജനാധിപത്യ വിരുദ്ധ സർക്കാറിനെതിരായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

