ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം 18-ന് എത്തും; ഒരുക്കം പൂർത്തിയാക്കി ഹജ്ജ് മിഷൻ
text_fieldsജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഹജ്ജ് ഒരുക്കത്തെക്കുറിച്ച് വിശദീകരിക്കുന്നു
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഏപ്രിൽ 18-ന് (ദുൽ ഖഅദ് ഒന്ന്) സൗദി അറേബ്യയിലെത്തും. മുംബൈയിൽ നിന്നുള്ള 400-ലധികം തീർത്ഥാടകർ മദീനയിലാണ് ആദ്യമിറങ്ങുന്നത്. ഇത്തവണ ആകെ 1,75,025 ഇന്ത്യൻ തീർത്ഥാടകർക്കാണ് ഹജ്ജ് കർമത്തിന് അവസരം ലഭിച്ചിരിക്കുന്നത്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഹജ്ജ് ഒരുക്കത്തെക്കുറിച്ച് വിശദീകരിക്കുന്നു
ഇതിൽ 1,22,518 പേർ ഹജ്ജ് കമ്മിറ്റി വഴിയും 52,507 പേർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് എത്തുന്നത്. തീർത്ഥാടകരെ സ്വീകരിക്കുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും മക്കയിലും മദീനയിലും പൂർത്തിയായതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.
താമസവും ഗതാഗതവും
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മദീനയിലെത്തുന്ന മുഴുവൻ ഹാജിമാർക്കും പ്രവാചക പള്ളിക്ക് തൊട്ടടുത്തുള്ള ‘മർക്കസിയ’ ഏരിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിെൻറ ഭാഗമായി 50 ശതമാനത്തോളം ഹാജിമാർക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രകൾക്ക് ഹൈസ്പീഡ് മെട്രോ സൗകര്യം ലഭ്യമാക്കും.
മക്കയിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന തീർത്ഥാടകർക്ക് ഹറമിലേക്ക് പോകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഷട്ടിൽ ബസ് സർവീസുകൾ സജ്ജീകരിച്ചിട്ടുണ്ട്.
സ്മാർട്ട് വാച്ച്
ഹജ്ജ് കമ്മിറ്റി വഴി എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും ഇത്തവണ പ്രത്യേക സ്മാർട്ട് വാച്ചുകൾ വിതരണം ചെയ്യും. തീർത്ഥാടകരെ ട്രാക്ക് ചെയ്യുന്നതിനും, അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിനും പുറമെ ഇൻറർനെറ്റ് സൗകര്യവും ഇതിലുണ്ടാകും. മിന, അറഫ എന്നിവിടങ്ങളിലെ ടെൻറുകളിൽ എയർ കണ്ടീഷനിങ്, ലഗേജ് സ്റ്റോറേജ്, വിശ്രമ സൗകര്യങ്ങൾ എന്നിവ മുൻവർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണം, ആരോഗ്യ സേവനങ്ങൾ
മക്കയിലെ താമസസ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിന് ഇത്തവണ അനുമതിയില്ല. പകരം, തീർത്ഥാടകർക്ക് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നതിനായി സമീപത്തെ ഹോട്ടലുകളെയും കാറ്ററിങ് സർവീസുകളെയും കുറിച്ചുള്ള വിവരങ്ങൾ ഹജ്ജ് മിഷൻ ലഭ്യമാക്കും. സേവന രംഗത്ത് 200 ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരും 350 പേരടങ്ങുന്ന മെഡിക്കൽ - പാരാമെഡിക്കൽ സംഘവും ഇന്ത്യയിൽ നിന്നുമുണ്ടാകും. 150 ഹാജിമാർക്ക് ഒരാൾ എന്ന ക്രമത്തിൽ പരിശീലനം ലഭിച്ച ഹജ്ജ് ഇൻസ്പെക്ടർമാരും, മഹ്റം ഇല്ലാതെ എത്തുന്ന വനിതകൾക്കായി പ്രത്യേക വനിതാ ഇൻസ്പെക്ടർമാരും സഹായത്തിനുണ്ടാകും.
യാത്രാ ഷെഡ്യൂൾ
ഇന്ത്യയിലെ 17 എംബാർക്കേഷൻ പോയിൻറുകളിൽ നിന്നായി എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ ഉൾപ്പെടെ അഞ്ച് വിമാന കമ്പനികളാണ് സർവീസ് നടത്തുന്നത്. ഏപ്രിൽ 18-ന് ആരംഭിക്കുന്ന തീർത്ഥാടകരുടെ വരവ് മെയ് 20-ഓടെ പൂർത്തിയാകും. കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ ഏപ്രിൽ 30 മുതൽ ജിദ്ദ വഴി മക്കയിലെത്തി തുടങ്ങും.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ന്യൂനപക്ഷ കാര്യ ജോയിൻറ് സെക്രട്ടറി രാം സിങ്, ഇന്ത്യൻ ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഷാനവാസ് എന്നിവർ ഒരുക്കങ്ങൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

