മസ്ജിദുന്നബവിയുടെ വാസ്തുവിദ്യ വെളിപ്പെടുത്തി വിജ്ഞാനകോശം
text_fieldsമസ്ജിദുന്നബവിയുടെ വാസ്തുവിദ്യ വിജ്ഞാനകോശം ആദ്യപതിപ്പ് പുറത്തിറക്കൽ കർമം ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ നിർവഹിക്കുന്നു
ജിദ്ദ: മദീനയിലെ മസ്ജിദുന്നബവിയുടെ ശിൽപചാരുതയുടെ രഹസ്യവും നിർമാണ ചരിത്രവും പുറത്ത്. പള്ളിയുടെ വാസ്തുവിദ്യ വിജ്ഞാനകോശത്തിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി. ‘അലിഫ്’ എന്ന അക്ഷരത്തിലുള്ള ആദ്യപതിപ്പിന്റെ പ്രകാശനം മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ നിർവഹിച്ചു. മൂന്നുവർഷം മുമ്പ് മദീന സന്ദർശനവേളയിൽ സൽമാൻ രാജാവാണ് മസ്ജിദുന്നബവി വാസ്തുവിദ്യ വിജ്ഞാനകോശം പുറത്തിറക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയത്. പ്രവാചക കാലഘട്ടം മുതൽ സൗദി രാഷ്ട്രം സ്ഥാപിതമായ കാലഘട്ടം വരെ മസ്ജിദുന്നബവിയുടെ വാസ്തുവിദ്യാ വികസനത്തിന്റെ ഡോക്യുമെന്ററി റഫറൻസാവുക ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു വിജ്ഞാനകോശം പുറത്തിറക്കിയിരിക്കുന്നത്. പള്ളിയുടെ നിർമാണ സവിശേഷതകളെയും വാസ്തുവിദ്യാ വിശദാംശങ്ങളെയും കുറിച്ചുള്ള വിപുലമായ ശാസ്ത്രീയ വിശകലന പഠനങ്ങൾ ഇതിലുൾപ്പെടുന്നുണ്ട്.
മസ്ജിദുന്നബവിയുടെ വാസ്തുവിദ്യക്കും അതുമായി ബന്ധപ്പെട്ട വാസ്തുവിദ്യാ വിശദാംശങ്ങൾ വിശദീകരിക്കാനും ഭരണകൂടം നൽകുന്ന കരുതലിന്റെ അടയാളപ്പെടുത്തലുകളിലൊന്നാണ് വിജ്ഞാനകോശത്തിന്റെ ആദ്യ പതിപ്പെന്ന് ഗവർണർ പറഞ്ഞു. ഒരു വാസ്തുവിദ്യാ റഫറൻസ് തയാറാക്കാനുള്ള മദീന റിസർച് ആൻഡ് സ്റ്റഡീസ് സെന്ററിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിലാണിത്. ഹിജ്റയുടെ ആദ്യ വർഷത്തിൽ നിർമിച്ച പ്രവാചകന്റെ മസ്ജിദ് മുതൽ സൗദി ഭരണകൂടത്തിന്റെ വികാസം വരെയുള്ള വാസ്തുവിദ്യാ സവിശേഷതകളും സംഭവവികാസങ്ങളും രേഖപ്പെടുത്തുന്നതിൽ സെന്റർ ശ്രദ്ധചെലുത്തുന്നുണ്ട്.
വാസ്തുവിദ്യയുടെ വികസനത്തിന്റെ ഘട്ടങ്ങൾ, പഠനങ്ങൾ, ഡ്രോയിങ്ങുകൾ, ഫോട്ടോകൾ, മാപ്പുകൾ, പ്രത്യേക എൻജിനീയറിങ് വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഏകീകൃത വിജ്ഞാനകോശ സ്രോതസ്സ് തയാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഗവർണർ പറഞ്ഞു. സ്പെഷലിസ്റ്റുകളുടെയും ചരിത്രകാരന്മാരുടെയും മസ്ജിദുന്നബവിയുടെ വാസ്തുവിദ്യയുമായി ബന്ധപ്പെട്ടവരുടെയും അതിന്റെ ചുമതലയുള്ളവരുടെയും മേൽനോട്ടത്തിൽ രേഖപ്പെടുത്തപ്പെട്ടതും ശരീഅത്ത് വിധികളെ അടിസ്ഥാനമാക്കിയുള്ളതുമായ വാസ്തുവിദ്യാ അടിത്തറകളുടെ ഏകീകരണമാണിത്.
മസ്ജിദുന്നബവിയുടെ വാസ്തുവിദ്യയും അതിന്റെ വിപുലീകരണങ്ങളും പരിഷ്കാരങ്ങളും പുനരുദ്ധാരണങ്ങളും പരിപാലിക്കുന്നതിൽ സൗദി ഭരണകൂടത്തിന്റെ നിരന്തര പരിശ്രമങ്ങളും ഇസ്ലാമിക വാസ്തുവിദ്യയുടെ സൗന്ദര്യാത്മക വശങ്ങൾ എടുത്തുകാണിക്കുന്നതാണ്. ഇസ്ലാമിക വാസ്തുവിദ്യാ സാഹിത്യ ലൈബ്രറിയെയും മസ്ജിദുന്നബവി വാസ്തുവിദ്യയുടെ ചരിത്രത്തെയും സമ്പന്നമാക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

