മെഡിറ്ററേനിയൻ കടലിലെ ആദ്യ ‘അറോയ ക്രൂസ്’ യാത്രക്ക് തുടക്കം
text_fieldsമെഡിറ്ററേനിയൻ കടലിലെ ആദ്യ ‘അറോയ ക്രൂസ്’ യാത്രക്ക്
തുടക്കംകുറിച്ചപ്പോൾ
റിയാദ്: സൗദി പൊതുനിക്ഷേപ ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള ക്രൂസ് സൗദിയുടെ ആഡംബര നൗകയായ ‘അറോയ ക്രൂസി’ന്റെ മെഡിറ്ററേനിയൻ യാത്രക്ക് തുടക്കം. ‘അറേബ്യൻ വേവ്സ്’ എന്ന ആധികാരിക അറേബ്യൻ സ്വഭാവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ടൂറിസം അനുഭവം സംയോജിപ്പിച്ചുള്ളതാണ് യാത്ര. അറോയ ക്രൂസ് ലൈനിന്റെ മുൻനിര കപ്പലാണിത്.
മെഡിറ്ററേനിയൻ സീസണിലെ സ്വന്തം തുറമുഖമായ ഇസ്തംബൂളിലെ ഗലാറ്റ പോർട്ടിൽനിന്ന് ആരംഭിച്ച് ഏഴ് രാത്രി നീണ്ടുനിൽക്കുന്ന യാത്രയിൽ ഗ്രീസിലെ ആതൻസ്, സൗദ ബേ, മൈക്കോണോസ് എന്നിവയുൾപ്പെടെ നിരവധി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും തുടർന്ന് തുർക്കിയിലെ ബോഡ്രവും സന്ദർശിക്കും. അടുത്ത ശനിയാഴ്ച കപ്പൽ ഇസ്തംബൂളിലേക്ക് മടങ്ങും.
ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന നിരവധി സൗകര്യങ്ങളും സേവനങ്ങളും കപ്പലിൽ ഉണ്ട്. പ്രധാന നീന്തൽ മേഖല, ദൈനംദിന വിനോദം വാഗ്ദാനം ചെയ്യുന്ന തിയറ്റർ, സ്പാ, ബ്യൂട്ടി ക്ലിനിക്, ജിം എന്നിവയുൾപ്പെടെ സമഗ്രമായ ചികിത്സയും വെൽനെസ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്പാ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാഹസിക മേഖല, സ്പോർട്സ് കോംപ്ലക്സ്, വാട്ടർ ഗെയിമുകൾ തുടങ്ങി മുഴുവൻ കുടുംബത്തിനും അനുയോജ്യമായ വിവിധ പ്രവർത്തനങ്ങൾ ഇവിടെയുണ്ട്. കുട്ടികൾക്കായുള്ള ഏരിയയും സൗദി, അന്താരാഷ്ട്ര ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാൻ 12 റസ്റ്റാറന്റുകളും 17 കഫേകളുമുണ്ട്.
ഈ വർഷം സെപ്റ്റംബർ പകുതി വരെ അറോയ ക്രൂസ് മെഡിറ്ററേനിയൻ യാത്രകൾ തുടരും. തുർക്കി, ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളിലെ നിരവധി പ്രമുഖ ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമേ മർമരിസ്, റോഡ്സ്, അലക്സാണ്ട്രിയ എന്നിവയുൾപ്പെടെ ആറു മുതൽ ഏഴു രാത്രികൾ വരെ ദൈർഘ്യമുള്ള വിവിധ യാത്രാപദ്ധതികൾ ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

