Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് തീർത്ഥാടനം...

ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാരുടെ അവസാന സംഘവും മടങ്ങി

text_fields
bookmark_border
ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാരുടെ അവസാന സംഘവും മടങ്ങി
cancel

മദീന: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ തീർത്ഥാടകർ പൂർണ്ണമായും നാട്ടിലേക്ക് മടങ്ങി. മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് കണ്ണൂരിലേക്ക് പുറപ്പെട്ട ഫ്ലൈ അദീൽ (F3 7362) വിമാനത്തോടെയാണ് ഈ വർഷത്തെ ഇന്ത്യൻ ഹജ്ജ് മിഷന്റെ മടക്കയാത്രയ്ക്ക് ഔദ്യോഗികമായി തിരശ്ശീല വീണത്. 318 ഹാജിമാരാണ് ഈ അവസാന സംഘത്തിലുണ്ടായിരുന്നത്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ഹാജിമാരുടെ മടക്കയാത്ര ജൂൺ 21ഓടെ തന്നെ പൂർത്തിയായിരുന്നു.

ഈ വർഷം മൊത്തം 420 വിമാനങ്ങളിലായി 1,22,464 തീർത്ഥാടകരാണ് വിവിധ സംസ്ഥാനങ്ങളിലെ എംബാർക്കേഷൻ പോയിന്റുകൾ വഴി സുരക്ഷിതമായി ജന്മനാട്ടിൽ തിരിച്ചെത്തിയത്. ഹജ്ജിന് മുന്നോടിയായി മദീന സന്ദർശനം പൂർത്തിയാക്കിയ 52,000-ത്തോളം തീർത്ഥാടകർ ജിദ്ദ വഴിയാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ജിദ്ദ വഴി സൗദിയിലെത്തുകയും, ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനം നടത്തുകയും ചെയ്ത 70,000 ഓളം ഹാജിമാർ മദീന വിമാനത്താവളം വഴിയാണ് യാത്രതിരിച്ചത്.

ഹാജിമാർ നാട്ടിലെത്തുന്ന വിമാനത്താവളങ്ങളിൽ വെച്ച് തന്നെ അവർക്കുള്ള സംസം വെള്ളം വിതരണം ചെയ്യാനുള്ള നടപടികൾ മുൻകൂട്ടി ക്രമീകരിച്ചിരുന്നു. തീർത്ഥാടകർക്ക് സേവനമേകാൻ ഡെപ്യൂട്ടേഷനിലെത്തിയ മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ അറുന്നൂറോളം ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഇത്തവണയെത്തിയ മുഴുവൻ മലയാളി ഹാജിമാരും ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനം നടത്തിയാണ് മടങ്ങിയത്. ജൂൺ 13 മുതൽ 21 വരെ കൊച്ചിയിലേക്ക് 20 വിമാനങ്ങളും, ജൂൺ 21 മുതൽ 26 വരെ കോഴിക്കോട്ടേക്ക് ഏഴ് വിമാനങ്ങളും, ജൂൺ 21 മുതൽ 30 വരെ കണ്ണൂരിലേക്ക് 13 വിമാനങ്ങളുമായാണ് മലയാളി തീർത്ഥാടകർ ജന്മനാട്ടിൽ തിരിച്ചെത്തിയത്.

വിവിധ ആരോഗ്യപ്രശ്നങ്ങളാൽ നിലവിൽ ചികിത്സയിലുള്ള ആറ് തീർത്ഥാടകർ ഉൾപ്പെടെ എട്ട് ഹാജിമാർ മക്കയിലും, ഏതാനും പേർ മദീനയിലും ഇപ്പോഴും തുടരുന്നുണ്ട്. യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്ന മുറയ്ക്ക് ഇവരെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഹജ്ജ് മിഷൻ ഒരുക്കും. അതേസമയം, വിവിധ കാരണങ്ങളാൽ മക്കയിലും മദീനയിലുമായി നൂറോളം ഇന്ത്യൻ തീർത്ഥാടകർ ഇത്തവണ മരണപ്പെട്ടിട്ടുണ്ട്.

സൗദിയിലെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും ഇന്ത്യൻ ഹജ്ജ് മിഷനും സംയുക്തമായാണ് ഈ വർഷത്തെ ഹജ്ജ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയത്. കെ.എം.സി.സി ഉൾപ്പെടെയുള്ള മലയാളി സന്നദ്ധ പ്രവർത്തകരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ഹാജിമാരെ യാത്രയാക്കാൻ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returnhajj pilgrimageindian pilgrimsSaudi Arabia
News Summary - The final batch of Indian pilgrims has also returned after completing the Hajj pilgrimage
Next Story