റിയാദ് സീസൺ: ബോളീവാർഡ് വിനോദ നഗരം കാണികൾക്ക് തുറന്നുകൊടുത്തു
text_fieldsറിയാദ്: സൗദി തലസ്ഥാനത്ത് നടക്കുന്ന റിയാദ് സീസൺ ഉത്സവത്തിെൻറ പ്രധാന വേദിയായ ബോളീവാർഡ് നഗരി ആസ്വാദകർക്കായി തുറന്നുകൊടുത്തു. കലയും കളിയും കവിയരങ്ങും കാഴ്ചക്കാരിൽ കൗതുകം തീർക്കുമ്പോൾ ഇമ ചിമ്മാതെ രാവിനെ പകൽ പോലെ പ്രസരിപ്പിച്ചു നിർത്താൻ കഫേകളും ഒരുങ്ങിയിട്ടുണ്ട്. ഇനി മൂന്ന് മാസത്തോളം രാവ് പുലരുവോളം റിയാദ് നഗരം ഉത്സവ പ്രതീതിയിലാകും.
പുലർച്ചെ നാല് വരെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. 2019 ൽ നടന്ന പ്രഥമ റിയാദ് സീസൺ പരിപാടിയുടെ മൂന്നിരട്ടി വലിപ്പത്തിലാണ് ഇത്തവണ നഗരി ഒരുക്കിയിരിക്കുന്നത്. ഒമ്പത് ലക്ഷം ചതുരശ്ര മീറ്റർ വിസ്ത്രീർണമുള്ള റിയാദ് സീസണിലെ ഏറ്റവും വലിയ വേദി കൂടിയാണ് ബോളീവാർഡ്. വിശാലമായ വിനോദ തെരുവിൽ എല്ലാ പ്രായക്കാരുടെയും അഭിരുചിക്കനുസരിച്ചാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.
പൂന്തോട്ടം, കഫെ, റസ്റ്റോറൻറ്, ഗെയിമുകൾ, ൈക്ലമ്പിങ് വാൾ, ഐസ് ഹോക്കി, കൃത്രിമ മഞ്ഞു പാളികളിൽ തീർത്ത ശൈത്യകാല അനുഭവങ്ങൾ, ഗോൾഫ് ഉൾപ്പടെ ഒമ്പത് വേദികളാണ് ഇവിടെ ആസ്വാദകരെ ആകർഷിക്കുക. നഗരിയെ നിറങ്ങളില്‍ മുക്കി അറബ് പാശ്ചാത്യ സംഗീതത്തിെൻറ ഈരടികൾക്കൊപ്പം നൃത്തം വെക്കുന്ന ലേസര്‍ മ്യൂസിക്കല്‍ ജലധാര അടിമുടി ആസ്വാദനത്തിെൻറ കൊടുമുടി കയറ്റും. വിഖ്യാത ഈജിപ്ഷ്യൻ ഹാസ്യ സാമ്രാട്ട് മുഹമ്മദ് ഹെനെടിയുടെ കലാ പ്രകടനങ്ങൾ ആസ്വദിക്കാനുള്ള ടിക്കറ്റ് അതിെൻറ ഓൺലൈൻ ലിങ്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കും വിറ്റ് തീർന്നു.
സൗദി അറേബ്യയിൽ ആബാലവൃദ്ധം ആരാധകരുള്ള കലാകാരനാണ് ഹെനടി. ഹെനടിയുടെ 'സലാം മുറബ്ബ' നാടകമാണ് ഈ വർഷത്തെ പ്രധാന ഇനങ്ങളിലൊന്ന്. നവംബർ മൂന്നിന് നടക്കേണ്ട ഫൈസൽ അൽ റാഷിദിെൻറ 'ഏദൻ രാത്രി' എന്ന ശീർഷകത്തിലുള്ള സംഗീതാ പരിപാടിയുടെയും ടിക്കറ്റ് ഇതിനോടകം വിറ്റഴിഞ്ഞു.
ഈജിപ്ഷ്യൻ ഗായകൻ ഹമോ ബിക സംഗീത പരിപാടി നവംബർ നാല്, അഞ്ച് തീയതികളിൽ അരങ്ങേറും. റിയാദ് സീസണിെൻറ ഇത് വരെ തുറന്ന വേദികളില്ലെല്ലാം നല്ല ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 10 ലക്ഷത്തിലേറെയാളുകൾ എത്തിയ കഴിഞ്ഞ 10 ദിവസത്തെ വരുമാനം 1,100 കോടി രൂപയാണ്.
സൗദി മാനദണ്ഡങ്ങൾ പാലിച്ച് നിലവാരമുള്ള പരിപാടികൾ ഉൾപ്പെടുത്തി അതിരുകളില്ലാത്ത വിനോദ ലോകത്തേക്ക് ആസ്വാദകരെ കൊണ്ട് പോകുകയാണ് ജനറൽ എൻറർടൈമെൻറ് അതോറിറ്റി. രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇവിടെ പ്രവേശനം സൗജന്യമാണ്. മുതിർന്നവർ നേരത്തെ ഓൺലൈൻ വഴി ടിക്കറ്റെടുത്ത് തവക്കൽനായിൽ ആക്ടിവേറ്റ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
റിയാദ് സീസൺ ഉത്സവത്തിെൻറ പ്രധാന വേദിയായ ബോളീവാർഡ് സിറ്റിയിൽ നിന്ന്
കലാ നഗരിയിലെത്തിവരോട് അനാവശ്യ രീതിയിൽ പെരുമാറിയാൽ സ്വദേശികളായാലും വിദേശികളായാലും കരിമ്പട്ടികയിൽ ചേർക്കും. പിന്നീട് രാജ്യത്ത് നടക്കുന്ന ഒരു പരിപാടിയിലേക്കും അവർക്ക് പ്രവേശനം അനുവദിക്കില്ല. ആസ്വാദകരായെത്തുന്നവരുടെ സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. 2022 ഏപ്രിൽ ഒന്നിന് പുലർച്ചെവരെ ബോളീവാർഡ് കലാപ്രകടനങ്ങളുടെ നിലാവിൽ കുളിച്ചു നിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

