സമ്പദ്‌വ്യവസ്ഥ 2021ൽ നേടിയത് 3.2 ശതമാനം വളർച്ച
text_fieldsയാംബു: സൗദിയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2021ൽ 3.2 ശതമാനം വളർച്ച കൈവരിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
എണ്ണയിനത്തിൽ 0.2 ശതമാനം മാത്രമാണ് വളർച്ച നേടിയതെങ്കിൽ എണ്ണയിതര മേഖലയിൽ 5.1 ശതമാനവും സർക്കാർ സേവന മേഖലയിൽ 2.4 ശതമാനവും വളർച്ച നേടി. 2020ലെ നാലാം പാദത്തെ അപേക്ഷിച്ച് 2021ലെ നാലാം പാദത്തിൽ 6.8 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. ജി.ഡി.പി നാഷനൽ അക്കൗണ്ട്സ് പുറത്തിറക്കിയ 2021ലെ റിപ്പോർട്ടനുസരിച്ച് കോവിഡ്-19 പ്രതിസന്ധിയിൽനിന്ന് രാജ്യത്തിന് കരകയറാൻ ഇതിനകം കഴിഞ്ഞതായി സാമ്പത്തികരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. 2020ൽ കോവിഡ് മഹാമാരി ഹേതുവായി ഏറ്റവും വലിയ സാമ്പത്തികശോഷണത്തിന് മറ്റു പല രാജ്യങ്ങൾപോലെ സൗദിയും സാക്ഷ്യംവഹിച്ചിരുന്നു.
കോവിഡ് പ്രതിസന്ധിമൂലം സാരമായി ബാധിച്ച ആരോഗ്യ, സ്വകാര്യ മേഖലകൾക്ക് ശക്തമായ പിന്തുണ നൽകി സർക്കാർ കൈക്കൊണ്ട സന്തുലിതമായ നയനിലപാടുകൾ ഏറെ ഫലംകാണുകയുണ്ടായി.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം മുതൽ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുകയും മികവുറ്റ വളർച്ച കൈവരിക്കുകയും ചെയ്തു.
രാജ്യത്തെ സമ്പദ്ഘടന ഇപ്പോഴും വളർച്ചയുടെ പാതയിലാണ്. എണ്ണ മേഖലയിലും പെട്രോളിതര മേഖലയിലും ഒരുപോലെ വളർച്ചയുടെ മികവ് രേഖപ്പെടുത്തി മുന്നേറുകയാണിപ്പോൾ. സാമ്പത്തിക വളർച്ചക്കായി എണ്ണയിതര മേഖലയിലും കാര്യമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതികളും നയനിലപാടുകളും അധികൃതർ ആസൂത്രണപൂർവം എടുക്കുന്നത് ഏറെ ഫലംകണ്ടതായി സാമ്പത്തിക വിശാരദരും വിലയിരുത്തുന്നു. സൗദിയുടെ സമ്പൂർണ വികസനപദ്ധതിയായ വിഷൻ 2030 ലക്ഷ്യംവെക്കുന്ന സാമ്പത്തിക വളർച്ചക്ക് വേണ്ട പദ്ധതികൾ വിജയംകണ്ടുവരുകയാണ്.
നിർമാണ, മൈനിങ് മേഖലകളും പോയ വർഷം വമ്പിച്ച മുന്നേറ്റമാണ് പ്രകടമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാമൂഹികവും സാമ്പത്തികവുമായ മഹത്തായ തീരുമാനങ്ങളാണ് പുതിയ സാമ്പത്തികനേട്ടത്തിന് ആക്കംകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

