പ്രവാസികളിൽ നിന്നുള്ള വരുമാന ഉറവ വറ്റുന്നത് ആശങ്കാജനകം -പ്രഫ. എം.എം. നാരായണൻ
text_fieldsകേളി കലാസാംസ്കാരിക വേദിയുടെ 12ാമത് കേന്ദ്ര സമ്മേളനം പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാമത് കേന്ദ്ര സമ്മേളനത്തിന് വി.എസ്. അച്യുതാനന്ദൻ നഗറിൽ തുടക്കം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം സി.പി.എം മുൻ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രവാസികളിൽ നിന്നുള്ള വരുമാന സ്രോതസ് വറ്റുന്നതിലെ ആശങ്ക അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പങ്കുവെച്ചു.
ഭരണാധികാരികളെ ജനം തെരഞ്ഞെടുക്കുന്നതിന് പകരം, തിരഞ്ഞെടുക്കേണ്ടവരെ ഭരണാധികാരികൾ തീരുമാനിക്കുന്ന അവസ്ഥ എസ്.ഐ.ആർ മുഖേന സൃഷ്ടിക്കപ്പെടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സാമ്രാജ്യത്വ നയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ കപട ദേശീയത ഉയർത്തിപ്പിടിക്കുന്ന പ്രവണതയെയും അദ്ദേഹം കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ കേവലം തൊഴിൽ തേടി പ്രവാസം സ്വീകരിച്ചിരുന്നവരിൽ നിന്ന് വ്യത്യസ്തമായി, പുതിയ തലമുറ സ്വസ്ഥജീവിതം തേടിയാണ് വിദേശത്തേക്ക് പോകുന്നതെന്നും അതിനാൽ നാട്ടിലേക്ക് മടങ്ങാൻ അവർ മടിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. കേരളത്തെ പ്രതിസന്ധിക്കാലങ്ങളിൽ കൈപിടിച്ചുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രവാസികളിൽ നിന്നുള്ള വരുമാനം കുറയുന്നത് സംസ്ഥാനത്തിെൻറ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡൻറ് രജീഷ് പിണറായി താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ചതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. പ്രസിഡൻറ് സെബിൻ ഇഖ്ബാൽ ആദ്യദിന നടപടിക്രമങ്ങൾ നിയന്ത്രിച്ചു. രാജീവും സംഘവും ആലപിച്ച സ്വാഗതഗാനത്തോടെ തുടങ്ങിയ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം ആശംസിച്ചു. സമ്മേളനത്തിെൻറ ഭാഗമായി സതീഷ് കുമാർ വളവിൽ, നൗഫൽ സിദ്ധീഖ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഭവന നിർമാണ സഹായ പദ്ധതിയുടെ ഫണ്ട് സെക്രട്ടറി സുരേഷ് കണ്ണപുരം, ഗുണഭോക്താക്കളായ സുനിൽ ഉദിനൂക്കാരനും ഇസ്മാഈൽ കൊടിഞ്ഞിക്കും കൈമാറി. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, എൻ.ആർ.കെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ, റെഡ് സ്റ്റാർ സെക്രട്ടറി റിയാസ് പള്ളാട്ട്, ദേശാഭിമാനി റിയാദ് റിപ്പോർട്ടർ ഷമീർ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. 15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 380 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

