‘ഡിഫ’ ചാമ്പ്യൻസ് ലീഗിന് ഇന്ന് ദമ്മാമിൽ തുടക്കം കുറിക്കും
text_fieldsദമ്മാം ഇന്ത്യൻ ഫുട്‍ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിനെ കുറിച്ച് സംഘാടകർ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദമ്മാം: ദമ്മാം ഇന്ത്യൻ ഫുട്‍ബാൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് ഇന്ന് (ജനു. ഒമ്പത്, വെള്ളിയാഴ്ച) തുടക്കമാവുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിഫയിൽ രജിസ്റ്റർ ചെയ്ത 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെൻറിന് ദമ്മാം വിന്നേഴ്‌സ് സ്റ്റേഡിയമാണ് മത്സര വേദി. മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16-ന് നടക്കും. എച്ച്.എം.ആർ കമ്പനിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
ഡിഫക്ക് കീഴിൽ രണ്ട് വർഷത്തോളമായി നടന്ന ടൂർണമെൻറുകളിലെ ടീമുകളുടെ പോയിൻറിനെ അടിസ്ഥാനമാക്കി എ.ബി.സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. മൂന്ന് ഗ്രുപ്പുകളിൽനിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനൽ മത്സരത്തിലൂടെ നിശ്ചയിക്കും. 45 മത്സരങ്ങളുള്ള ടൂർണമെൻറ് മെയ് അവസാന വാരം വരെ നീണ്ടുനിൽക്കും.
റമദാനിൽ മത്സരങ്ങൾ ഉണ്ടായിരിക്കില്ല. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. ടൂർണമെൻറിെൻറ ഭാഗമായി വിവിധ കലാസാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഡിഫയിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമാണ് ടൂർണമെൻറിൽ പങ്കെടുക്കുവാൻ സാധിക്കുക. ഇതാദ്യമായാണ് ഡിഫക്ക് കീഴിൽ ലീഗ് ഫുട്‍ബാൾ മേള സംഘടിപ്പിക്കുന്നത്.
2009 ജനുവരി എട്ടിന് പ്രവർത്തനം ആരംഭിച്ച ഡിഫ കൽപ്പന്ത് കളി രംഗത്ത് സജീവ പ്രവർത്തനങ്ങളിലൂടെ 17ാം വർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡിഫ സാരഥികൾ പറഞ്ഞു. 24 ക്ലബുകൾ രജിസ്റ്റർ ഡിഫയിൽ ആയിരത്തിൽ പരം പ്രഫഷനൽ കളിക്കാരുണ്ട്. ഇടവേളകളില്ലാതെ ടൂർണമെൻറുകൾക്ക് വേദിയാവുന്ന പ്രവാസലോകത്തെ ഒരിടമാണ് ദമ്മാം. ക്ലബുകൾക്ക് കീഴിലുള്ള കുട്ടികൾക്കായുള്ള അക്കാദമികളും നിസ്തുലമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്. വാർത്താസമ്മേളനത്തിൽ ഡിഫ പ്രസിഡൻറും ടൂർണമെൻറ് കമ്മിറ്റി ചെയർമാനുമായ ഷമീർ കൊടിയത്തൂർ, ജനറൽ കൺവീനർ മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയ കോഓഡിനേറ്റർ ആസിഫ് മേലങ്ങാടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

