യാംബു തുറമുഖത്ത് ടൂറിസം വകുപ്പിെൻറ ക്രൂയിസ് കപ്പലെത്തി
text_fieldsസൗദി ടൂറിസം അതോറിറ്റി ചെങ്കടൽ യാത്രക്കായി ഒരുക്കിയ എം.എസ്.സി ബെല്ലിസിമ ക്രൂയിസ് കപ്പൽ യാംബു ടൗണിലെ വാണിജ്യ തുറമുഖത്തെത്തിയപ്പോൾ. ഫോട്ടോ: സഫീർ വെള്ളേക്കാട്ടിൽ, യാംബു
യാംബു: കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ വിനോദ സഞ്ചാരികൾക്ക് സൗദി ടൂറിസം അതോറിറ്റി ചെങ്കടൽ യാത്രക്കായി ഒരുക്കിയ ക്രൂയിസ് കപ്പൽ യാംബു തുറമുഖത്ത് എത്തി. ജിദ്ദ കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിൽ നിന്ന് കഴിഞ്ഞ ദിവസം യാംബു ടൗണിലെ വ്യവസായ തുറമുഖത്തെത്തിയ സൂപർ ക്രൂയിസ് കപ്പൽ കാണാനെത്തുന്നവരുടെ വലിയ തിരക്കാണിവിടെ. വലിയ യാത്രാ കപ്പൽ തുറമുഖത്ത് എത്തി എന്നറിഞ്ഞ് കാണാനുള്ള കൗതുകവുമായി യാംബു പട്ടണത്തിലെ പല ഭാഗങ്ങളിലും പരിസരപ്രദേശങ്ങളിലും നിന്ന് ആളുകളുടെ പ്രവാഹമാണ്.
ഫ്രാൻസിൽ നിർമിച്ച 'എം.എസ്.സി ബെല്ലിസിമ' എന്ന പേരിലുള്ള ക്രൂയിസ് കപ്പലിന് 315 മീറ്റർ നീളമുണ്ട്. മൂന്നു ഫുട്ബാൾ മൈതാനങ്ങളേക്കാൾ വലിപ്പമുള്ള 12 നിലകളാണ് കപ്പലിലുള്ളത്. ഇത്തരം ഒരു വലിയ കപ്പൽ ആദ്യമായാണ് യാംബുവിലെത്തുന്നത്. 4,500 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ഭീമാകരമായ കപ്പൽ ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിൽ ഒന്നാണ്.
നീന്തൽക്കുളങ്ങൾ, സ്റ്റീം ബാത്ത്, റസ്റ്റോറൻറുകൾ, കഫേകൾ, ബോൾ റൂമുകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ കപ്പലിലുണ്ട്. സഞ്ചാരികൾക്ക് സേവനത്തിനായി പ്രഫഷനൽ സംഘവും ഒപ്പമുണ്ടാകും. രുചികരമായ സൗദി ഭക്ഷ്യ വിഭവങ്ങളും യാത്രക്കിടയിൽ വിളമ്പും.
മൂന്നു രാത്രി നീളുന്ന വിധത്തിലുള്ളതും മറ്റുമായി വിവിധ യാത്രാപാക്കേജുകൾ ഉണ്ട്. പാക്കേജ് ആരംഭിക്കുന്നത് 2,195 സൗദി റിയാലിലാണ് (ഏകദേശം 585 ഡോളർ). കിങ്‌ഡം പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ ഉടമസ്ഥതയിലുള്ള ക്രൂസ് സൗദി, ഏപ്രിൽ മാസത്തിലാണ് എം.എസ്.സി ബെല്ലിസിമയുമായി കരാറിൽ ഒപ്പിട്ടത്. നവംബറിനും അടുത്ത വർഷം മാർച്ചിനും ഇടയിൽ ശീതകാല യാത്രകൾ ഒരുക്കും.
1,70,000 വിദേശ സഞ്ചാരികളെ ക്രൂയിസ് കപ്പൽ വഴി ആകർഷിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ ആഗോള തലത്തിൽ തന്നെ ക്രൂയിസ് വ്യവസായം കടുത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ടൂറിസം പുനരുജ്ജീവിപ്പിക്കാനും സഞ്ചാരികളെ ആകർഷിക്കാനുമുള്ള വിവിധ പദ്ധതികളാണ് ഇപ്പോൾ സൗദി ടൂറിസം അതോറിറ്റി ആസൂത്രണം ചെയ്യുന്നത്.
ദ്വീപുകൾ, ബീച്ചുകൾ, ചെങ്കടൽ തീരങ്ങളിലെ പൈതൃക നഗരികൾ, പവിഴപുറ്റുകൾ തുടങ്ങി ചെങ്കടലിലെ മനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും സഞ്ചാര പ്രിയർക്ക് സഹചര്യമൊരുക്കുകയാണ് ലക്ഷ്യം. സൗദി ടൂറിസം വ്യവസായം വിപുലീകരിക്കാനും എണ്ണയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ 'വിഷൻ 2030'െൻറ അടിത്തറകളിലൊന്നാണ് ടൂറിസവും വിനോദമേഖലയും വികസിപ്പിക്കുക എന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

