അൽഉലയിലെ ‘ശർആൻ’ റിസോർട്ട് പദ്ധതി കിരീടാവകാശി സന്ദർശിച്ചു
text_fields1. അൽഉലയിലെ പർവതങ്ങളിൽ കൊത്തിയുണ്ടാക്കുന്ന ‘ശർആൻ’ റിസോർട്ട്, 2. റിസോർട്ട് ജോലിക്കാരോടൊപ്പം സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറ് അൽഉലയിലെ ‘ശർആൻ’ റിസോർട്ട് പദ്ധതി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സന്ദർശിക്കുകയും അവിടെയുള്ള തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സന്ദർശകർക്ക് വിപുലമായ അനുഭവവും ലോകോത്തര സേവനവും നൽകുന്ന എല്ലാ സവിശേഷതകളോടും കൂടിയാണ് റിസോർട്ട് നിർമിക്കുന്നത്. റിസോർട്ടിന്റെ നിർമാണ പുരോഗതി കിരീടാവകാശി കാണുകയും വിലയിരുത്തുകയും ചെയ്തു.
അന്താരാഷ്ട്ര റിസോർട്ടുകൾക്ക് കിടപിടിക്കുന്ന തരത്തിൽ നിർമിക്കുന്ന ശർആൻ റിസോർട്ട് നിർമിക്കുന്നത് പ്രകൃതിദത്ത സംരക്ഷിത താഴ്വരയുടെ ഹൃദയഭാഗത്താണ്. ചുറ്റുമുള്ള പ്രകൃതിയുടെ ഭാഗമായിട്ടാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. അൽഉലയിലെ പ്രശസ്തമായ നബാതിയൻ വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പർവതങ്ങളിലാണ് റിസോർട്ട് കൊത്തിയൊരുക്കുന്നത്. ഇത് പ്രദേശത്തിന്റെ ചരിത്രപരമായ വാസ്തുവിദ്യാശൈലി പ്രതിഫലിപ്പിക്കുന്നു. പ്രശസ്ത ഫ്രഞ്ച് എൻജിനീയർ ജീൻ നോവലാണ് രൂപകൽപന ചെയ്തത്.
25 സ്യൂട്ടുകൾ, 10 ലക്ഷ്വറി ക്യാമ്പ് സ്യൂട്ടുകൾ, നാല് മുതൽ 10 വരെ കിടപ്പുമുറികളുള്ള അഞ്ച് വലിയ ഹോട്ടൽ വില്ലകൾ എന്നിവയുൾപ്പെടെ 40 യൂനിറ്റുകൾ റിസോർട്ടിൽ ഉൾപ്പെടുന്നു. കൂടാതെ മൂന്ന് റസ്റ്റാറന്റുകൾ, ഒരു വലിയ സ്പാ, അതിഥികൾക്കുള്ള മറ്റ് സൗകര്യങ്ങൾ എന്നിവയുണ്ട്. 2019 ഫെബ്രുവരിയിലാണ് കിരീടാവകാശി പർവതങ്ങളിൽ കൊത്തിയെടുത്ത ശർആൻ റിസോർട്ടിനുള്ള പ്ലാൻ കാണുകയും അവലോകനം ചെയ്യുകയും ചെയ്തത്.
റിസോർട്ട് 2023ൽ പൂർത്തീകരിച്ച് തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. അൽഉലയിലെ ‘വിഷൻ 2030’ലെ ഏറ്റവും പ്രധാനപ്പെട്ട സുസ്ഥിര ടൂറിസം പദ്ധതികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഇത് പുരാതന പൈതൃകവും ആധുനിക രൂപകൽപനയും തമ്മിലുള്ള സമന്വയം ഉൾക്കൊള്ളുന്നു. മേഖലയിലെ ആഡംബര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
പ്രകൃതിദത്തമായ മരുഭൂമി പരിസ്ഥിതിയുടെ ശാന്തതയും ഏകാന്തതയും അനുഭവിക്കാനും അതിന്റെ അസംസ്കൃത വസ്തുക്കളെയും അതുല്യമായ സൗന്ദര്യത്തെയും കുറിച്ച് അറിയാനും അതിഥികളെ അനുവദിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന മരുഭൂമിയുടെ പരിസ്ഥിതിയുടെ ആധികാരികതയുമായി പൊരുത്തപ്പെടുന്നതാണ് റിസോർട്ട് പദ്ധതി. ആഗോള വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള അൽഉല വിഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത് നടപ്പാക്കുന്നത്.
അൽഉലയുടെ ചരിത്രവും പൈതൃകവും പ്രകൃതി പരിസ്ഥിതിയും സംരക്ഷിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും പുതിയ റിസോർട്ട് പദ്ധതി സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

