രാജ്യം 90ാമത് ദേശീയദിനം ആഘോഷിച്ചു
text_fieldsറിയാദ് നഗരത്തിലെ പ്രധാന വീഥിയിലൊരുക്കിയ കൂറ്റൻ സ്ക്രീനുകളിൽ ദേശീയ പതാക നിറഞ്ഞപ്പോൾ
ജിദ്ദ: വർണാഭമായ പരിപാടികളോടെ 90ാമത് ദേശീയദിനം രാജ്യമെങ്ങും ആഘോഷിച്ചു. വികസന പാതയിൽ കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിെൻറ പിന്നിട്ട പാതകളും ചരിത്രങ്ങളും നേട്ടങ്ങളും സ്മരിച്ചും പ്രദർശിപ്പിച്ചും വിവിധ പരിപാടികൾ സംഘടിപ്പിച്ചുമാണ് രാജ്യമെങ്ങും ബുധനാഴ്ച ആഘോഷം പൊലിപ്പിച്ചത്. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും ആഘോഷപരിപാടികൾ അരങ്ങേറി.
സൗദി എൻറർടെയ്ൻമെൻറ് അതോറിറ്റി, അതത് മേഖലകളിലെ ഗവർണറേറ്റ്, മുനിസിപ്പാലിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം നടന്നത്. വൈകീട്ട് നാലിന് നടന്ന വ്യോമാഭ്യാസപ്രകടനമായിരുന്നു ദേശീയദിനാഘോഷ പരിപാടികളിലെ മുഖ്യ ഇനം. 60ഒാളം വരുന്ന സിവിൽ, സൈനിക വിമാനങ്ങളും ഹെലികോപ്ടറുകളും മാനത്ത് വർണങ്ങൾകൊണ്ട് ചിത്രവേലകളൊരുക്കിയും സൗദി പതാക ഉയർത്തിക്കാട്ടിയും നടത്തിയ എയർഷോ സൗദി ടെലിവിഷനിലൂടെ തത്സമയം കണ്ട ജനങ്ങളെ വിസ്മയഭരിതരാക്കി.
കോവിഡ് പശ്ചാത്തലത്തിലാണ് എയർഷോ ചാനലിലൂടെ കാണിച്ച് വീടുകളിൽ ഇരുന്ന് ജനങ്ങൾക്ക് കാണാൻ അവസരമൊരുക്കിയത്. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ എയർഷോയാണ് നടന്നത്. റോയൽ എയർഫോഴ്സിന് കീഴിലെ വിവിധതരം യുദ്ധ വിമാനങ്ങൾ, സൗദി എയർലൈൻസ് വിമാനങ്ങൾ എന്നിവക്കു പുറമെ സ്വകാര്യ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയും എയർഷോയിൽ പെങ്കടുത്തു. പൈതൃകകേന്ദ്രങ്ങളുടെ സന്ദർശനം, തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ വെടിക്കെട്ടുകൾ തുടങ്ങിയവയും അരങ്ങേറി. ബുധനാഴ്ചയായിരുന്നു ദേശീയദിനമെങ്കിലും ചൊവ്വാഴ്ച മുതൽ ആഘോഷപരിപാടികൾക്ക് തുടക്കമായിരുന്നു. ശനിയാഴ്ച വരെ ആഘോഷപരിപാടികൾ നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

