യമനിലുള്ള മലയാളി ദമ്പതികളുടെ കുഞ്ഞിന് പൗരത്വമില്ല, കെ.എം.സി.സി ഇടപെടലിൽ പ്രശ്നപരിഹാരം
text_fieldsദമ്മാം: യമനിൽ ജനിച്ച കുട്ടിക്ക് ജനന സർട്ടിഫിക്കറ്റും പാസ്പോർട്ടും ലഭിക്കാൻ അധികാരികളുടെ വാതിലുകൾ മുട്ടിത്തളർന്ന മലയാളി ദമ്പതികൾക്ക് ഒടുവിൽ കെ.എം.സി.സി പ്രവർത്തകരുടെ ഇടപെടൽ തുണയായി. യമനിൽ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന ഇടുക്കി ചെപ്പുകുളം ഉടുമ്പന്നൂർ സ്വദേശി ലിബിൻ ഡൊമിനിക്, അഞ്ജന മുരളീധരൻ ദമ്പതികളാണ് തങ്ങളുടെ കുഞ്ഞിന് പൗരത്വം അനുവദിച്ചുകിട്ടാൻ രണ്ട് വർഷത്തിലേറെ അലഞ്ഞത്.
അഞ്ചു വർഷമായി യമനിലെ ഷബാത്ത് എന്ന സ്ഥലത്ത് ജോലിചെയ്യുന്ന ഈ ദമ്പതികൾക്ക് 2024 ആഗസ്റ്റ് 19നാണ് കുഞ്ഞ് പിറന്നത്. ലിയോ ലിയാം എന്ന് മകന് അവർ പേരുമിട്ടു. യമൻ അധികൃതരിൽനിന്നും ജനന സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും അത് ഇന്ത്യൻ എംബസിയിൽ സമർപ്പിച്ച് അവർ നൽകുന്ന സർട്ടിഫിക്കറ്റാണ് ഔദ്യോഗിക രേഖയായി പരിഗണിക്കുക. എന്നാൽ ഹൂത്തി ആക്രമണങ്ങളെത്തുടർന്ന് ഒന്നരവർഷം മുമ്പുതന്നെ യമനിലെ ഇന്ത്യൻ എംബസി അടച്ചു. ഇതോടെ പാസ്പോർട്ട് ലഭിക്കാനുള്ള സാധ്യത മങ്ങി.
ഇതിനിടെ അഞ്ജനയുടെ പാസ്പോർട്ടിെൻറ കാലാവധി കഴിഞ്ഞു. റിയാദിലെയും മസ്ക്കത്തിലെയും ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ടെങ്കിലും യമനിലെ കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് അധികൃതർ കൈമലർത്തുകയായിരുന്നു. റിയാദിലെത്തുകയാണെങ്കിൽ നാട്ടിലേക്ക് പോകുന്നതിനുള്ള ഔട്ട് പാസ് ലഭ്യമാക്കാം എന്ന സൗമനസ്യം ഇന്ത്യൻ എംബസി പ്രകടിപ്പിച്ചു. എന്നാൽ പാസ്പോർട്ട് ഇല്ലാത്തതിനാൽ റിയാദിലേക്ക് വരാനും കഴിയില്ലായിരുന്നു.
കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, മുൻ മന്ത്രി വി. മുരളീധരൻ, നോർക്ക, സംസ്ഥാന മന്ത്രിമാർ എന്നിവർക്കൊക്കെ അപേക്ഷ നൽകിയെങ്കിലും അവരാരും പ്രതികരിക്കാൻ പോലും തയാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഡീൻ കുര്യാക്കോസ് എം.പിയിൽനിന്ന് അനുഭാവപൂർവമായ ഇടപെടലുണ്ടായി. അതിെൻറ ഫലമായി റിയാദിലെ ഇന്ത്യൻ എംബസി ദമ്പതികളെ ബന്ധപ്പെട്ടു. പക്ഷേ, നിലവിലെ സാഹചര്യത്തിൽ യമനിലെ വിഷയങ്ങളിൽ ഇടപെടാനാവില്ല എന്ന ഔദ്യോഗിക അറിയിപ്പ് നൽകി എംബസി വീണ്ടും കൈയൊഴിഞ്ഞു.
ഇതോടെ നിരാശരായ കുടുംബം മസ്കത്തിലെ കെ.എം.സി.സി നേതാവ് റഫീഖിനെ ബന്ധപ്പെട്ടു. അദ്ദേഹം റിയാദ് കെ.എം.സി.സി ചെയർമാൻ യു.പി മുസ്തഫ വഴി വിവരം സൗദി നാഷനൽ കമ്മിറ്റി നേതാവ് ഷാജി ആലപ്പുഴയെ അറിയിക്കുകയും കുടുംബത്തെ സഹായിക്കാനുള്ള ദൗത്യം ഏൽപിക്കുകയും ചെയ്തു.
തുടർന്ന് ഷാജി ദമ്പതികളിൽനിന്ന് മുഴുവൻ രേഖകളും വാങ്ങി റിയാദിലെ ഇന്ത്യൻ എംബസിയിൽ നേരിട്ട് സമർപ്പിച്ച് പാസ്പോർട്ട് ലഭ്യമാക്കാനുള്ള ശ്രമം നടത്തി. ദമ്പതികളുടെ ദയനീയ സ്ഥിതി എംബസി അധികൃതരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ പ്രശ്നപരിഹാരത്തിനുള്ള വഴി തെളിയുകയായിരുന്നു. യമനിലെ ആഭ്യന്തരസംഘർഷം, നിമിഷപ്രിയ വിഷയം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ എംബസിയുടെ മുന്നിൽ കടമ്പയായി ഉണ്ടായിരുന്നു.
എന്നിട്ടും കെ.എം.സി.സിയുടെ അഭ്യർഥന മുഖവിലക്കെടുത്ത് എംബസി അധികൃതർ മുന്നോട്ട് പോയി. മലയാളി കുടുംബത്തെക്കുറിച്ച് അന്വേഷിച്ച് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടു. സത്യാവസ്ഥ ബോധ്യപ്പെട്ട എംബസി ഔപചാരികതകൾ മറികടന്ന് കുട്ടിക്ക് ജനന സർട്ടിഫിക്കറ്റും യാത്രചെയ്യാൻ മാതാവിനും കുട്ടിക്കും ഔട്ട് പാസും ലഭ്യമാക്കി. എംബസിയിൽനിന്ന് അവ കൈപ്പറ്റിയ യു.പി. മുസ്തഫയുടെ നേതൃത്വത്തിൽ യമനിലെത്തിച്ച് കുടുംബത്തിന് കൈമാറും. ഒരു വർഷമായി ഒരു കുടുംബം അനുഭവിച്ചിരുന്ന പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായത്. കുടുംബം കെ.എം.സി.സി പ്രവർത്തകർക്ക് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

