എല്ലാ അംഗീകൃത എയർ ഫ്രൈറ്റ് ഏജൻസികളെയും കേന്ദ്രം ബന്ധിപ്പിക്കുന്നു
text_fieldsറിയാദിൽ ആരംഭിച്ച ആദ്യ ആഗോള എയർ കാർഗോ കൺട്രോൾ സെന്റർ
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ആഗോള എയർ കാർഗോ കൺട്രോൾ സെൻറർ റിയാദിൽ പ്രവർത്തനം ആരംഭിച്ചു. സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലെജ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എല്ലാ അംഗീകൃത എയർ ഫ്രൈറ്റ് ഏജൻസികൾക്കുമുള്ള കേന്ദ്രമായിരിക്കും ഇത്. എയർ കാർഗോയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇവിടെ നിന്ന് നിയന്ത്രിക്കും. ലോകത്തുതന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നാണ് കണക്കാക്കുന്നത്.
പുതിയ സാങ്കേതിക സംവിധാനവും വിദൂര നിരീക്ഷണ സാങ്കേതികവിദ്യകളും ഉപയോഗിച്ച് എയർ കാർഗോ വിതരണ ശൃംഖലകളുടെ സുരക്ഷ വർധിപ്പിക്കാൻ ഇതിലൂടെ കഴിയും. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകൾക്ക് അനുസൃതമായി സുരക്ഷാനിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങൾക്കിടയിലാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം. വിമാന ചരക്കുനീക്കത്തിന്റെ അളവ് വർധിപ്പിച്ച് ഏറ്റവും ഉയർന്ന സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കിക്കൊണ്ട് ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യും.
എയർ കാർഗോ സുരക്ഷയുമായി ബന്ധപ്പെട്ട പങ്കാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഒരു ഏകീകൃത പ്ലാറ്റ്ഫോമാണ് കേന്ദ്രം. ഇത് തീരുമാനമെടുക്കൽ സുഗമമാക്കുകയും സുരക്ഷാ നടപടിക്രമങ്ങളുടെ കൃത്യത വർധിപ്പിക്കുകയും ചെയ്യുന്നു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കയറ്റുമതിയുടെ ചലനത്തിൽ ഏറ്റവും ഉയർന്ന വഴക്കവും ഇത് കൈവരിക്കുന്നു. കൂടാതെ കേന്ദ്രം ‘വശ്ജ്’ പ്ലാറ്റ്ഫോമിന് സാങ്കേതിക പിന്തുണ നൽകുന്നു. ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള നേരിട്ടുള്ള ഏകോപനം അനുവദിക്കുന്നു. ഇത് ഷിപ്പിങ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ദേശീയ കയറ്റുമതിയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
മുഴുവൻസമയവും പ്രവർത്തിക്കുന്ന ഒരു വിദൂരനിരീക്ഷണ സംവിധാനമാണ് കേന്ദ്രത്തിലുള്ളത്. രാജ്യത്തെ നാല് പ്രധാന പ്രദേശങ്ങളിൽ വിതരണംചെയ്യുന്ന 40 അംഗീകൃത ഏജൻസികൾ വഴിയുള്ള ഷിപ്പിങ് വിതരണശൃംഖലകളുടെ സുരക്ഷക്ക് ഇത് മേൽനോട്ടം വഹിക്കുന്നു. വിമാനത്താവളത്തിൽ എത്തുന്നതുവരെ ഏജൻസികളിലെ ഷിപ്പ്മെന്റുകളുടെ ചലനം പിന്തുടരാൻ നൂതന സാങ്കേതികവിദ്യകൾ ഇത് ഉപയോഗിക്കുന്നു. ഇത് ലോജിസ്റ്റിക് പ്രവർത്തനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നു. പരിശീലനം ലഭിച്ച ദേശീയ കേഡറുകളുടെ ഒരു സംഘം ഷിപ്പിങ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 24 മണിക്കൂറും കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.