കാരുണ്യത്തിന്റെ ‘കേബിൾ തുമ്പ്’ മജ്മഅ് ഡാമിൽ പൂച്ചക്കുട്ടിക്ക് രക്ഷകരായി മലയാളി യുവാക്കൾ
text_fieldsമജ്മഅ് ഡാം പാർക്കിലെ ഭൂഗർഭ ജലസംഭരണിയിൽ വീണ പൂച്ചക്കുട്ടിയെ യുവാക്കൾ രക്ഷപ്പെടുത്തുന്നു
റിയാദ്: പെരുന്നാൾ രാവിൽ റിയാദിനടുത്തുള്ള മജ്മഅ് ഡാം പാർക്കിലെ ഭൂഗർഭ ജലസംഭരണിയിൽ വീണ പൂച്ചക്കുട്ടിക്ക് രക്ഷകരായി മലയാളി യുവാക്കൾ. രാത്രി ഒമ്പതോടെ പാർക്കിൽ നടക്കുകയായിരുന്ന പെരിന്തൽമണ്ണ സ്വദേശി അർഷാദാണ് പൂച്ചക്കുട്ടിയുടെ കരച്ചിൽ ആദ്യം ശ്രദ്ധിക്കുന്നത്. തുടർന്ന് അർഷാദ് തെൻറ സുഹൃത്തുക്കളായ അൻഷിഫ്, സൽമാൻ, അനസ് എന്നിവരെയും കൂട്ടി നടത്തിയ തിരച്ചിലിലാണ് കൃത്യമായി മൂടാത്ത ടാങ്കിൽ പൂച്ചക്കുട്ടിയെ കണ്ടെത്തിയത്. സി.സി.ടി.വി, ഇലക്ട്രിക്കൽ ടെക്നീഷ്യനായ അർഷാദ് സമയോചിതമായി ഇടപെട്ടു.
കാറിൽ സൂക്ഷിച്ചിരുന്ന സി.സി.ടി.വി കേബിളും സുരക്ഷാ ജാക്കറ്റും തമ്മിൽ കൂട്ടിക്കെട്ടി ഒരു താൽക്കാലിക രക്ഷാക്കയറുണ്ടാക്കി ടാങ്കിലേക്ക് താഴ്ത്തിക്കൊടുത്തു. പൂച്ചക്കുട്ടി ജാക്കറ്റിൽ പിടിച്ചതോടെ മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ടാങ്കിന് പുറത്ത് അമ്മപ്പൂച്ചയോടൊപ്പം മടങ്ങിയത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നിയെന്ന് യുവാക്കൾ ഓർക്കുന്നു. മജ്മഅയിൽ ‘എംപയർ ടെക്നോളജീസ് ആൻഡ് ഡെവലപ്മെൻറ്സ്’ എന്ന സ്ഥാപനത്തിലാണ് ഈ നാല് യുവാക്കളും ജോലി ചെയ്യുന്നത്. പൊതുജന സുരക്ഷ മുൻനിർത്തിയുള്ള ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് നാൽവർ സംഘം ഒരേ മനസ്സോടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

