പുസ്തക ചർച്ച ശ്രദ്ധേയമായി കമ്പിളികണ്ടത്തകൽഭരണികൾ, അറ്റ് എയ്റ്റ് എന്നീ പുസ്തകങ്ങൾ ചർച്ച ചെയ്തു
text_fieldsസാഹിതീയത്തിൽ ജോയ് തോമസും, മോഹൻ വസുധയും
പുസ്തകങ്ങൾ അവതരിപ്പിക്കുന്നു
ദമ്മാം: വൈവിധ്യമാർന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ട് പുസ്തകങ്ങളുടെ അവതരണവും ചർച്ചയുമായി സൗദി മലയാളി സമാജം ദമ്മാം ചാപ്റ്ററിന്റെ ‘സാഹിതീയം’ പരിപാടി ശ്രദ്ധേയമായി. ബാബു അബ്രഹാമിന്റെ ആത്മകഥാപരമായ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’, ജോസാന്റണി കുരീപ്പുഴയുടെ പാരിസ്ഥിതിക നോവൽ ‘അറ്റ് എയ്റ്റ്’ എന്നിവയാണ് ചർച്ചക്കെടുത്തത്.
സമൂഹത്തോടും പൗരോഹിത്യത്തോടും പടവെട്ടി നാലു മക്കളെ വളർത്തിയ ഒരമ്മയുടെ അതിജീവന കഥയാണ് ‘കമ്പിളികണ്ടത്തെ കൽഭരണികൾ’. പുസ്തകം ജോയ് തോമസാണ് അവതരിപ്പിച്ചത്. സ്നേഹവും വേദനയും നിറഞ്ഞ ഈ ഗ്രന്ഥം പുതിയ തലമുറ നിർബന്ധമായും വായിച്ചിരിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഷ്ടമുടിക്കായലിന്റെ പരിസ്ഥിതിയും തീരദേശ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കിയ ‘അറ്റ് എയ്റ്റ്’ എന്ന നോവൽ മോഹൻ വസുധ അവതരിപ്പിച്ചു. കേരളത്തിന്റെ ജലസമ്പത്ത് നേരിടുന്ന വെല്ലുവിളികളെ ലളിതമായി അടയാളപ്പെടുത്തിയ കൃതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഹുസൈൻ ചമ്പോളിൽ മോഡറേറ്ററായ ചർച്ചയിൽ അനിൽ റഹീമ, ജയൻ ജോസഫ്, എസ്. സാലു എന്നിവർ പങ്കെടുത്തു. സമാജം ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് അലി (ഒന്നാം സമ്മാനം), ഇഖ്ബാൽ ആനമങ്ങാട് (രണ്ടാം സമ്മാനം), സരള ജേക്കബ് (മൂന്നാം സമ്മാനം) എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. സമാജം നാഷനൽ പ്രസിഡന്റ് മാലിക് മഖ്ബൂൽ, ദമ്മാം ചാപ്റ്റർ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ എന്നിവർ സമ്മാനങ്ങൾ കൈമാറി. പരിപാടിയിൽ ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു. ജേക്കബ് ഉതുപ്പ്, മുരളീധരൻ, ആസിഫ് താനൂർ, റഊഫ് ചാവക്കാട്, ലീനാ ഉണ്ണികൃഷ്ണൻ തുടങ്ങിയ വിവിധ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

