രണ്ട് മാസം മുമ്പ് സൗദിയിൽ നിര്യാതയായ ഷീബ വർഗീസിെൻറ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും
text_fieldsഷീബ വർഗീസ്
ബുറൈദ: രണ്ട് മാസം മുമ്പ് സൗദിയിൽ നിര്യാതയായ തൃശൂർ അഞ്ചേരി ജി.ടി നഗർ മൂലൻസ് ഹൗസിൽ വർഗീസിെൻറ ഭാര്യ ഷീബ വർഗീസിെൻറ (46) മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും. പുലർച്ചെ മൂന്നിന് എമിറേറ്റ്സ് എയർലൈൻ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.
ബുറൈദയിലെ കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രിയിൽ നെഞ്ചുവേദനയെ തുടന്ന് ചികിത്സ തേടി എത്തുകയും താമസിയാതെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയുമായിരുന്നു. ആറു വർഷമായി സമാമ കോൺട്രാക്റ്റിങ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു. വിനീഷ്, വിനയ എന്നിവർ ഷീബ വർഗീസിെൻറ മക്കളാണ്.
കമ്പനി അധികൃതരുടെ ഭാഗത്ത് നിന്നുളള അനാസ്ഥയിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ കാലതാമസം നേരിടേണ്ടിവന്നു. മൃതദേഹം നാട്ടിലയക്കാനുളള രേഖകളെല്ലാം സാമുഹിക പ്രവർത്തകർ ശരിയാക്കി നൽകിയിട്ടും, നടപടികൾ വൈകിയപ്പോൾ ഇന്ത്യൻ എംബസിയുടെ അനുമതിയോടെ സാമുഹിക പ്രവർത്തകർ രണ്ടു തവണ സൗദി പൊലീസിൽ പരാതിപ്പെട്ടിരുന്നു. ബുറൈദയിലെ സമൂഹിക പ്രാവർത്തകൻ സലാം പറാട്ടി, റിയാദിലെ ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം കൺവീനർ എം. സാലി ആലുവ, മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. സുനീറാണ് ഈ വിഷയം സാമുഹിക പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.