വാഹനാപകടത്തിൽ മരിച്ച അരുൺ സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsഅരുൺ സുരേഷ്
യാംബു: തബൂക്ക് പ്രവിശ്യയിലെ അൽ വജ്‌ഹിടുത്ത് ബദ്‌അയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം മതിര മാങ്കോട് കുമ്മിൾ കനാറ പുത്തൻവീട്ടിൽ അരുൺ സുരേഷിൻറെ (29) മൃതദേഹം നാട്ടിലെത്തിച്ച് കുടുംബവീട്ടിൽ സംസ്കരിച്ചു.
ജൂലൈ 14ന് അരുൺ ഓടിച്ചിരുന്ന ഡൈന വാഹനം എതിർവശത്ത് നിന്ന് വന്ന ട്രൈയിലറിൽ കൂട്ടിയിടിച്ച് അഗ്നിബാധയിൽ പൊള്ളലേറ്റാണ് അദ്ദേഹവും കൂടെയുണ്ടായിരുന്ന സുഡാൻ പൗരനായ മറ്റൊരു ഡ്രൈവറും സംഭവസ്ഥലത്തുതന്നെ മരിച്ചത്. അഗ്നിബാധയിൽ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.
രണ്ട് മാസത്തോളം നീണ്ട നിയമനടപടികൾക്കും ഫോറൻസിക് പരിശോധനകൾക്കും ശേഷമാണ് മൃതദേഹം നാട്ടിലയക്കാനായത്. ദമ്മാമിലെ അൻജോദ് മുഹമ്മദ് അൽ ഹർബി ട്രേഡിംഗ് കമ്പനിയിൽ ട്രക്ക് ഡ്രൈവറായിരുന്ന അരുൺ അവിവാഹിതനായിരുന്നു. അച്ഛൻ: പരേതനായ സുരേഷ്, അമ്മ: സതി, സഹോദരി: അഖില.
യാംബു നവോദയ ജീവകാരുണ്യ കൺവീനർ എ.പി. സാക്കിറിന്റെ നേതൃത്വത്തിൽ രക്ഷാധികാരി അജോ ജോർജ്, സാമൂഹ്യ പ്രവർത്തകർ ഷാജി, മാസ് തബൂക്ക് ജീവകാരുണ്യ കൺവീനർ അബ്ദുൽ ഹഖ്, ദമ്മാം നവോദയ ജീവകാരുണ്യ വിഭാഗം അംഗം നാസ് വക്കം എന്നിവരുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഴി എം.പിമാരായ എ.എ. റഹീം, അടൂർ പ്രകാശ് എന്നിവരുടെയും ഇടപെടലുണ്ടായി. അപകടം നടന്ന ദിവസം അൽ വജ്‌ഹിലെ കെ.എം.സി.സി പ്രവർത്തകരും സഹായവുമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

