റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാർ ഷോ റിയാദിൽ ആരംഭിച്ചു.
റിയാദ് സീസൺ പരിപാടികളുടെ ഭാഗമായാണ് എല്ലാ തരത്തിലുമുള്ള കാർ പ്രേമികളെ ആകർഷിക്കുന്ന രീതിയിൽ വലിയ വാഹന പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ഏറ്റവും ചെലവേറിയതും അപൂർവവുമായ കാറുകൾ പ്രദർശനത്തിലുണ്ട്. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ രേഖപ്പെടുത്തിയ റിയാദ് സീസണിെൻറ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച ഫോർമുല വൺ കാറിെൻറ ഏറ്റവും വലിയ മോഡലും പ്രദർശനത്തിലുണ്ട്.
ഏകദേശം അഞ്ച് ലക്ഷം ലെഗോ ക്യൂബുകൾ ഉപയോഗിച്ചാണ് ഫോർമുല വൺ കാർ മോഡൽ നിർമിച്ചത്.
ലെഗോയിൽനിന്നുള്ള സർട്ടിഫൈഡ് വിദഗ്ധരും സ്പെഷലിസ്റ്റുകളും ചേർന്നാണ് ഇത് കൂട്ടിച്ചേർക്കുന്ന പ്രക്രിയ നടത്തിയത്. ഏറ്റവും വലിയ ഫോർമുല വൺ കാർ മോഡൽ രേഖപ്പെടുത്താനും ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താനും ഗിന്നസ് ബുക്ക് പ്രതിനിധികളും സന്നിഹിതരായിരുന്നു.
നവംബർ 28 വരെ തുടരുന്ന പ്രദർശനം ദിറിയയിലെ കിങ് ഖാലിദ് റോഡിൽ അൽറിഹാബ് ഡിസ്ട്രിക്റ്റിലെ 1,40,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഒരുക്കിയിരിക്കുന്നത്.
50ലധികം ബ്രാൻഡുകളുടെയും 15 കാർ നിർമാതാക്കളുടെയും പങ്കാളിത്തത്തിൽ ഏകദേശം 600ലധികം ആഡംബരവും അപൂർവവുമായ കാറുകൾ പ്രദർശനത്തിലുണ്ട്.