സൗദിക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കണം: ഹൂതികളോട് യു.എൻ രക്ഷാസമിതി
text_fieldsറിയാദ്: സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതി. സിവിലിയന്മാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും സൈനിക പ്രകോപനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് രക്ഷാസമിതി ആവശ്യപ്പെട്ടു. രക്ഷാസമിതിയുടെ സെപ്റ്റംബർ മാസത്തെ അധ്യക്ഷനും യു.എന്നിലെ ഫ്രഞ്ച് സ്ഥിരം പ്രതിനിധിയുമായ ജെറോം ബോണാഫോൺ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് സമിതി അംഗങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സിവിലിയന്മാർക്ക് പരിക്കേൽക്കാൻ ഇടയാക്കിയതും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയതുമായ പ്രകോപനങ്ങളെ രക്ഷാസമിതി അതിരൂക്ഷമായി വിമർശിച്ചു.
യമനിൽ ഏറ്റുമുട്ടലുകൾ പുനരാരംഭിച്ച സാഹചര്യത്തിൽ, സൗദി അറേബ്യയ്ക്കും ചെങ്കടലിലെയും ബാബ് അൽ-മന്ദബിലെയും കപ്പൽ ഗതാഗതത്തിനും നേർക്കുള്ള ആക്രമണങ്ങൾ വർധിച്ചതിൽ സമിതി അംഗങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. തുടരുന്ന സംഘർഷാവസ്ഥ സിവിലിയന്മാരുടെ ജീവനും പ്രാദേശിക സ്ഥിരതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
അന്താരാഷ്ട്ര നിയമങ്ങളും പ്രത്യേകിച്ച് യു.എൻ സമുദ്രനിയമ കരാറും എല്ലാവരും കർശനമായി പാലിക്കേണ്ടതുണ്ടെന്ന് സമിതി ഊന്നിപ്പറഞ്ഞു. കടൽമാർഗമുള്ള നാവിഗേഷൻ അവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കേണ്ടതിന്റെ പ്രാധാന്യവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ചെങ്കടലിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഭീഷണികളെയും ആക്രമണങ്ങളെയും യു.എൻ രക്ഷാസമിതി മുമ്പും അപലപിച്ചിരുന്നുവെങ്കിലും, കഴിഞ്ഞ ആഴ്ചകളിൽ ആക്രമണം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് സമിതി നിലപാട് കടുപ്പിച്ചത്.
2022-ൽ ഐക്യരാഷ്ട്രസഭയുടെ മാധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തലിനെത്തുടർന്ന് പ്രദേശത്തുണ്ടായിരുന്ന ശാന്തത അവസാനിച്ചതായും, യമൻ കൂടുതൽ അപകടകരമായ പുതിയൊരു സംഘർഷ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഈ മാസം ആദ്യം ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

