പ്രമുഖ സൗദി ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. സുഹൈർ അൽഹലീസിന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ ആദരം
text_fieldsഡോ. സുഹൈർ യൂസഫ് അൽഹലീസ്
റിയാദ്: ലോകപ്രശസ്ത സൗദി ഹൃദയ ശസ്ത്രക്രിയ വിദഗ്ധനും കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിലെ കൺസൾട്ടൻറുമായ ഡോ. സുഹൈർ യൂസഫ് അൽഹലീസിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ 2026-ലെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഡോ. അൽഹലീസിന് സമ്മാനിച്ചു. ഹൃദയ ശസ്ത്രക്രിയ രംഗത്തെ വികസനത്തിനും ചികിത്സാ നിലവാരം ഉയർത്തുന്നതിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം.
അമേരിക്കയിലെ ന്യൂ ഓർലിയാൻസിൽ നടന്ന അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ വാർഷിക സമ്മേളനത്തിലായിരുന്നു അവാർഡ് ദാനം. ലോകമെമ്പാടുമുള്ള പ്രമുഖ കാർഡിയോളജിസ്റ്റുകളുടെയും ആരോഗ്യ വിദഗ്ധരുടെയും സാന്നിധ്യത്തിൽ ഡോ. അൽഹലീസ് പുരസ്‌കാരം ഏറ്റുവാങ്ങി.
ഏതാണ്ട് അഞ്ച് പതിറ്റാണ്ടോളം (48 വർഷം) നീണ്ട വൈദ്യശാസ്ത്ര സേവനത്തിനിടയിൽ രാജ്യത്തിനകത്തും വിദേശത്തുമായി 25,000-ത്തിലധികം ശസ്ത്രക്രിയകൾ അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ആദ്യത്തെ രജിസ്ട്രി സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
ശസ്ത്രക്രിയ, കാർഡിയോളജി, ക്രിട്ടിക്കൽ കെയർ എന്നിവ സംയോജിപ്പിക്കുന്ന ഒരു സമഗ്ര കാർഡിയാക് സെൻറർ വികസിപ്പിച്ചെടുത്തത് ഡോ. അൽഹലീസിെൻറ കരിയറിലെ പ്രധാന നാഴികക്കല്ലാണ്. കൂടാതെ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി നിരവധി യുവ ശസ്ത്രക്രിയ വിദഗ്ധർക്ക് അദ്ദേഹം പരിശീലനവും മാർഗനിർദേശവും നൽകി വരുന്നു.
ഗവേഷണ മേഖലയിലും മാനുഷിക സേവന രംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. ലോകത്തെ 20-ലധികം രാജ്യങ്ങളിലായി 60-ലേറെ സൗജന്യ ശസ്ത്രക്രിയാ ദൗത്യങ്ങൾക്കും വിദ്യാഭ്യാസ ക്യാമ്പുകൾക്കും അദ്ദേഹം നേതൃത്വം നൽകി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട 150-ലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയ ചികിത്സാ സംബന്ധിയായ നിരവധി റഫറൻസ് പുസ്തകങ്ങളിലും അദ്ദേഹത്തിെൻറ ലേഖനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
വേൾഡ് സൊസൈറ്റി ഫോർ പീഡിയാട്രിക് കാർഡിയാക് സർജറി ആൻഡ് കൺജെനിറ്റൽ ഹാർട്ട് കത്തീറ്ററൈസേഷെൻറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സൗദി - അറബ് വംശജൻ കൂടിയാണ് ഡോ. സുഹൈർ അൽഹലീസ്. ഈ പുരസ്‌കാരം സൗദി അറേബ്യയുടെ ആരോഗ്യമേഖലയ്ക്കും അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്കും ലഭിച്ച വലിയൊരു അംഗീകാരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

